ടിക്ടോക് ചെയ്യുക എന്നത് ഇന്നൊരു ട്രന്റായി മാറിയിരിക്കുകയാണ്. ആളുകളുടെ കഴിവിനെ വളർത്തിയെടുക്കുന്ന ഒരു പ്ലാറ്റ്ഫോമാണ് ഇന്ന് ടിക്ടോക്കും, റീൽയും, മ്യൂസിക്ക്ലിയും, സ്മൂളുമൊക്കെ. എന്നാൽ അമിതമായാൽ അമൃതും വിഷം എന്നാണല്ലോ പറയാറുള്ളത്. അതുപോലെ ടിക്ടോക് എടുക്കുന്നതിന് ചിലർക്ക് സമയവും കാലവും ഒന്നുമില്ലെന്നു വേണമെങ്കിൽ പറയാം.
അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. സ്കൂളുകളിൽ വിദ്യാർഥികളുടെ ടിക്ടോക്ക് വീഡിയോ ചിത്രീകരണം അതിരു കടന്നതോടെ സ്കൂളിലെ ശുചിമുറിയുടെ കണ്ണാടികൾ സ്കൂൾ അധികൃതർ നീക്കം ചെയ്തു. ഒഴിവു സമയങ്ങളിൽ കുട്ടികൾ വീഡിയോ ചെയ്യാറുണ്ട്. എന്നാൽ ക്ലാസ് കട്ട് ചെയ്തും വീഡിയോ എടുക്കുന്നത് പതിവായതോടെയാണ് കണ്ണാടി നീക്കം ചെയ്തത്. അമേരിക്കയിലെ നോർത്ത് കരോലിനയിലുള്ള സതേൺ അലമാൻസ് മിഡിൽ സ്കൂളിലാണ് ശുചിമുറിയിലെ കണ്ണാടികൾ എടുത്ത് മാറ്റേണ്ടി വന്നത്.
ടിക്ടോക്ക് വീഡിയോ എടുക്കുന്നതിനു വേണ്ടി വിദ്യാർഥികൾ ഏഴ് മുതൽ എട്ട് തവണ വരെ ഒരു ദിവസം ക്ലാസുകൾ കട്ട് ചെയ്യാറുണ്ടെന്നും, ശുചിമുറിക്കുള്ളിൽ അധികം സമയം ചെലവഴിക്കാറുണ്ടെന്നും സ്കൂൾ അധികൃതർ പറഞ്ഞു. സ്കൂൾ അധികൃതരുടെ സമീപനത്തെ രക്ഷിതാക്കളും സോഷ്യൽ മീഡിയ ഉപയോക്താക്കളും പിന്തുണച്ചു. വളരെ മികച്ച നടപടി എന്നാണ് പലരും ഇതിനോട് പ്രതികരിച്ചത്.