പേരാന്പലൂർ: സമൂഹമാധ്യമമായ ടിക് ടോക്ക് അമിതമായി ഉപയോഗിച്ചതിനു ഭർത്താവും കുടുംബാംഗങ്ങളും ശകാരിച്ച 24 കാരിയായ വീട്ടമ്മ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ആലത്തൂർ താലൂക്കിലെ സീരാനതം വില്ലേജിലാണു സംഭവം.
രണ്ടു കുട്ടികളുടെ അമ്മയായ പി. അനിതയാണ്, കുട്ടികളെ നന്നായി നോക്കണമെന്ന് വീഡിയോ റിക്കാർഡ് ചെയ്തശേഷം ആത്മഹത്യ ചെയ്തത്. വിഷം കഴിക്കുന്ന വീഡിയോ ടിക് ടോക്കിൽ വൈറലാവുകയും ചെയ്തു. അനിതയുടെ ഭർത്താവ് പളനിവേൽ(30) സിംഗപ്പൂരിലാണ്. അനിത ഭർത്താവിന്റെ വീട്ടിലാണു കഴിഞ്ഞിരുന്നത്. കുട്ടികളെ നോക്കാത്തതിനു പലപ്പോഴും ഭർത്താവ് അനിതയെ ശകാ രിച്ചിരുന്നു.
ടിക് ടോക്കിൽ അശ്ലീല വീഡിയോകളും മറ്റും പ്രചരിക്കുന്നതു ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് ടിക് ടോക് ഡൗൺലോഡ് ചെയ്യുന്നതു വിലക്കിക്കൊണ്ട് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഏപ്രിൽ മൂന്നിനു വിധി പുറപ്പെടുവിച്ചു.
ടിക് ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ്ഡാൻസ് എന്ന ചൈനീസ് കന്പനി സമർപ്പിച്ച ഹർജിയിൽ ഏപ്രിൽ 24ന് ഇടക്കാല വിധി ഹൈക്കോടതി ബെഞ്ച് എടുത്തു കളയുകയായിരുന്നു.