കണ്ണൂർ (പരിയാരം) : ടെറസിൽ നിന്നും ടിക് ടോക്ക് വീഡിയോ ചെയ്യുന്നതിനിടെ അപകടം സംഭവിച്ച അതിഥി തൊഴിലാളിക്ക് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുതുജീവൻ.
ചലനശേഷി നഷ്ടപ്പെട്ട് ജീവിതം തന്നെ തുലാസിലാകുമായിരുന്ന 25 കാരനായ ആസാം സ്വദേശിയെയാണ് പരിയാരത്തെ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്.
കോവിഡ് സാഹചര്യത്തിലെ ഈ ലോക്ക് ഡൗൺ ഘട്ടത്തിൽ ആർക്കും ചികിത്സ നിഷേധിക്കുന്ന സ്ഥിതിയുണ്ടാകരുതെന്ന ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ പ്രത്യേക നിർദേശം കണക്കിലെടുത്ത്, ചികിത്സ സൗജന്യമായി നടത്തുന്നതിന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എൻ. റോയ് നിർദേശം നൽകുകയും ചെയ്തിരുന്നു.
കഴിഞ്ഞദിവസമാണ് അതിഥി തൊഴിലാളിയായ ആസാം സ്വദേശിക്ക് അപകടം സംഭവിച്ചത്. ലോക്ക് ഡൗൺ സാഹചര്യത്തിൽ ടിക്ടോക്ക് വീഡിയോ ചെയ്യാൻ താമസസ്ഥലത്തെ ടെറസിൽ കയറിയതായിരുന്നു. സാഹസിക വീഡിയോ ഒരുക്കുന്നതിനിടെ ടെറസിൽ നിന്ന് താഴെ വീണായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ് വീഴ്ചയിൽ ഇരുകാലുകളും അനക്കാൻ സാധിക്കാത്ത വിധമാണ് ഇയാളെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്.
പരിശോധനയിൽ നട്ടെല്ലിനേറ്റ പരിക്ക് കാലിന്റെ ചലനക്ഷമതയെ പൂർണമായും തളർത്തിയേക്കുമെന്ന് മനസിലായതോടെ ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. പ്രേം ലാലിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സുരക്ഷാമാർഗങ്ങൾ സ്വീകരിച്ചായിരുന്നു ശസ്ത്രക്രിയ. രോഗിയുടെ സ്രവപരിശോധന പരിയാരത്തുനിന്നുതന്നെ നടത്തുകയും ചെയ്തു.
ഐസിയുവിൽ ചികിത്സയിലുള്ള ഇദ്ദേഹം കാലുകൾ അനക്കുകയും സംസാരിക്കുകയും ചെയ്തുതുടങ്ങിയതായി മെഡിക്കൽ സൂപ്രണ്ട് ഡോ.കെ. സുദീപ് അറിയിച്ചു.