മുണ്ടക്കയം: സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട കൗമാരക്കാരിയെ തേടി യുവാവ് എത്തി. അപ്രതീക്ഷതമായി ആണ് സുഹൃത്തിനെ കണ്ട 15 വയസുകാരി ജീവനൊടുക്കാൻ ശ്രമിച്ചത് നാടകീയരംഗങ്ങൾക്ക് ഇടയാക്കി. മുപ്പത്തിയഞ്ചാംമൈലിലെ സ്വകാര്യാശുപത്രിൽ എത്തിച്ച പെൺകുട്ടിയെ ചികിത്സയ്ക്ക് ശേഷം പിന്നീട് വീട്ടുകാർക്കൊപ്പം വിട്ടയച്ചു.
മുണ്ടക്കയം, അമരാവതിയില്‍ വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. വെള്ളനാടി എസ്റ്റേറ്റ് റോഡില്‍ രാത്രി വൈകി സംശയാസ്പദമായി ബൈക്കില്‍ ചുറ്റിയ യുവാവിനെ നാട്ടുകാർ തടഞ്ഞുവച്ചതോടെയാണ് സംഭവങ്ങൾക്ക് തുടക്കം.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മുണ്ടക്കയം പോലീസ് യുവാവിനെ ചോദ്യം ചെയയ്തോടെയാണ് ഓൺലൈൻ പ്രണയത്തിന്റെ കഥ പുറത്തായത്. കൊല്ലം ഓച്ചിറ സ്വദേശിയാണ് യുവാവ്.
ടിക്ടോക്കിലൂടെ പരിചയപ്പെട്ട പെണ്‍സുഹൃത്തിനെ കാണാനാണ് മുണ്ടക്കയത്ത് എത്തിയതെന്ന് യുവാവ് പോലീസിനോട് പറഞ്ഞു. സത്യാവസ്ഥ അറിയാൻ യുവാവുമായി പോലീസ് പെൺകുട്ടിയുടെ വീട്ടിലെത്തി.
പ്രണയകഥ സത്യമാണെന്ന് അറിഞ്ഞതോടെ പോലീസ് യുവാവിനെയുമായി വീടുവിട്ടു. പിന്നാലെയാണ് പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചത്. നേരം പുലര്‍ന്ന ശേഷം യുവാവിനെയും പോലീസ് വിട്ടയച്ചു.