കോഴിക്കോട്: ടിക്ടോക് വഴി പ്രണയം നടിച്ച് യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍ . ചെലവൂര്‍ പുതുക്കുടി വീട്ടില്‍ വിജീഷ് (31) നെയാണ് കസബ സിഐ ഷാജഹാന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
വിവാഹബന്ധം വേര്‍പ്പെടുത്തിയ തിരുവനന്തപുരം പൂജപ്പുര സ്വദേശിയായ 32 കാരിയെയാണ് വിജീഷ് പ്രണയം നടിച്ച് പീഡിപ്പിച്ചത്.
2019-20 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം. ടിക് ടോക് വഴിയാണ് ഇരുവരും അടുക്കുന്നത്. പരിചയം പിന്നീട് പ്രണയത്തിലേക്ക് മാറി. തുടര്‍ന്ന് ഇരുവരും നേരില്‍ കാണാനും വിവിധ സ്ഥലങ്ങളില്‍ ഒരുമിച്ച് യാത്ര ചെയ്യാനും തുടങ്ങി.
വിവാഹം ചെയ്യാമെന്ന് പറഞ്ഞ് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി യുവാവ് പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.
പിന്നീടാണ് യുവാവ് വിവാഹിതനാണെന്ന വിവരം അറിയുന്നത്. ഇതോടെ യുവതി തിരുവനന്തപുരത്തെ പൂജപ്പുര പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.
യുവാവ് കോഴിക്കോട് സ്വദേശിയായതിനാല്‍ കേസ് കസബ പോലീസിന് കൈമാറുകയായിരുന്നു. ഇതിനിടെ യുവാവിന് അപകടത്തില്‍ പരിക്കേറ്റു.
ചികിത്സയിലിരിക്കെ അറസ്റ്റ് രേഖപ്പെടുത്താന്‍ പോലീസിനായില്ല. കഴിഞ്ഞ ദിവസമാണ് ഡോക്ടറുടെ അനുമതിയോടെ കസബ പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്.