
ബെയ്ജിംഗ്: വ്യക്തിഗതവിവരങ്ങൾ ചോർത്തിയെന്ന സംശയത്തിന്റെ പേരിൽ ടിക്ക് ടോക്ക് ഉൾപ്പെടെ 59 ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ ഇന്ത്യ നിരോധിച്ചതിനു പിന്നാലെ വിശദീകരണവുമായി ടിക്ക് ടോക്ക്.
ചൈനീസ് സർക്കാർ വ്യക്തിഗത വിവരങ്ങൾ ചോദിച്ചിട്ടില്ലെന്നും ചോദിച്ചാലും വിവരങ്ങൾ നൽകില്ലെന്നും കേന്ദ്രസർക്കാരിന് അയച്ച കത്തിൽ ടിക്ക് ടോക്ക് ചീഫ് എക്സിക്യുട്ടീവ് കെവിൻ മേയർ വ്യക്തമാക്കിയെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞമാസം 28 നാണ് ടിക്ക് ടോക്ക് കത്ത് എഴുതിയത്.
ചൈനയുടെ ബൈറ്റ് ഡാൻസ് എന്ന കന്പനിയുടെ ഉടമസ്ഥതയിലാണ് ടിക്ക് ടോക്ക്. എന്നാൽ ടിക്ക് ടോക്ക് ചൈനയിൽ ലഭ്യമല്ല. ആഗോളവിപണിയെ ഉന്നമിട്ടാണ് ചൈനീസ് ബന്ധത്തിൽ നിന്ന് ടിക്ടോക്ക് ഒഴിഞ്ഞുനിന്നത്.
ഗൽവാൻ താഴ്്വാരയിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യുവരിച്ച ഏറ്റുമുട്ടലിനെത്തുടർന്ന് ഈയാഴ്ച ആദ്യമാണ് ഇന്ത്യ 59 ചൈനീസ് നിർമിത മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിച്ചത്.
ഇതോടൊപ്പം യുസി ബ്രൗസർ, ഷെയർ ഇറ്റ്, ഹലോ, കാം സ്കാനർ, എക്സെൻഡർ, വി ചാറ്റ്, വെയ്ബോ, വൈറസ് ക്ലീനർ, ക്ലീൻ മാസ്റ്റർ, എംഐ വീഡിയോ കോൾ-ഷവോമി, വിവ വീഡിയോ, ബിഗോ ലൈവ്, വീ ചാറ്റ്, യുസി ന്യൂസ്, ഫോട്ടോ വണ്ടർ, ക്യുക്യു മ്യൂസിക്, ഇഎസ് ഫയൽ എക്സ്പ്ലോറർ, വിമേറ്റ്, വിഗോ വീഡിയോ, വണ്ടർ കാമറ തുടങ്ങിയ ജനപ്രിയ ആപ്പുകളും നിരോധിച്ചിരുന്നത്. സ്വകാര്യതാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഐടി വകുപ്പിലെ 69എ വകുപ്പുപ്രകാരമായിരുന്നു കേന്ദ്രത്തിന്റെ നടപടി.