അപകടകരമായ വൈറല്‍ ട്രെൻഡുകള്‍ ടിക് ടോകില്‍ പുതിയ സംഭവമല്ല. ഫെയറി ഫ്ളയിംഗ് എന്നൊരു ചലഞ്ചാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്. അതേസമയം ഈ ചലഞ്ച് ആളുകള്‍ക്കിടയില്‍ ആത്മഹത്യ പ്രവണതകളെ പ്രോത്സാഹിപ്പിക്കുമെന്ന് യുഎസിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
ഈ ട്രെൻഡിൽ പങ്കെടുക്കുന്നത് എങ്ങനെയെന്നാല്‍, പുരാണങ്ങളില്‍ ഉള്ള പറക്കുന്ന ഫെയറിയെ അനുകരിച്ച് വായുവില്‍ തൂങ്ങിക്കിടക്കുന്നത് പോലുള്ള വീഡിയോകള്‍ ടിക് ടോകില്‍ പോസ്റ്റ് ചെയ്താണ്. ഇങ്ങനെയുള്ള വീഡിയോ കാണുമ്പോള്‍ മൃതദേഹങ്ങള്‍ വായുവില്‍ തൂങ്ങിക്കിടക്കുന്നതുപോലാണ് കാണുന്നവര്‍ക്ക് ഒറ്റനോട്ടത്തില്‍ തോന്നുക. എന്നാല്‍ അവര്‍ തൂങ്ങി നിന്ന് വീഡിയോ എടുക്കുകയാണെന്നതാണ് സത്യം.
ഇന്റർനെറ്റിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോ ബുധനാഴ്ച വരെ 66മില്ല്യണ്‍ ആളുകളാണ് കണ്ടത്. ഇത്തരം വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വരുന്നത് വഴി മുന്‍പ് ആത്മഹത്യയ്ക്ക് ശ്രമിച്ചവര്‍ക്കും, പ്രിയപ്പെട്ടവര്‍ ഇങ്ങനെ ആത്മഹത്യ ചെയ്ത് നഷ്ടപ്പെട്ടവര്‍ക്കുമിടയില്‍ മോശമായി ബാധിച്ചേക്കാമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.
സാഹസികമായ ഇത്തരം വീഡിയോകള്‍ ടിക് ടോകിലും മറ്റ് സമൂഹ മാധ്യമങ്ങളിലും പോസ്റ്റ് ചെയ്യുന്നത് കാണുന്ന സാധാരണക്കാരില്‍ വലിയ മാനസിക വെല്ലുവിളി സൃഷ്ടിക്കും. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ക്ക് സംഭവത്തിന്റെ അപകടരമായ വശത്തെ കുറിച്ച് വേണ്ടത്ര അറിവില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
കുട്ടികളോ, മാനസിക ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവരോ ഇത്തരം വീഡിയോകളെ യുക്തിപരമായി കാണണമെന്നില്ല. എന്നാല്‍ ആളുകള്‍ക്ക് ദോഷമായി ബാധിക്കുന്ന പല ട്രെൻഡിങ്ങ് വീഡിയോകളും ഇതിന് മുന്‍പ് ടിക് ടോക് നീക്കം ചെയ്തിട്ടുണ്ട്.