കണ്ണൂർ: സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ ആകാശ് തില്ലങ്കേരിയെ തള്ളിപ്പറഞ്ഞ പി. ജയരാജൻ, ക്വട്ടേഷൻ സംഘങ്ങളുടെ സേവനം പാർട്ടിക്ക് ആവശ്യമില്ലെന്നും വ്യക്തമാക്കി.
തില്ലങ്കേരിയിലെ സിപിഎമ്മിന്റെ മുഖം ആകാശ് അല്ല. പാർട്ടി മെമ്പർമാരാണ്. എന്ത് പ്രശ്നമുണ്ടെങ്കിലും അത് നേരിടാൻ പാർട്ടിക്ക് നല്ല കരുത്തുണ്ട്. ആകാശിനെ പുറത്താക്കിയത് താൻ ജില്ലാ സെക്രട്ടറി ആയിരിക്കെയാണ്.
കള്ളക്കേസുക്കളെ പ്രതിരോധിച്ചിട്ടുണ്ട്. കരിനിയമങ്ങളെ ചെറുത്തുനിന്ന പാർട്ടിയാണിത്. ഷുഹൈബ് വധം പാർട്ടിക്ക് അംഗീകരിക്കാൻ പറ്റാത്ത കേസാണ്.
ആ കേസോടെയാണ് ആകാശിനെ പുറത്താക്കിയത്. ആകാശ് പേരിനൊപ്പമുള്ള തില്ലങ്കേരി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.
തില്ലങ്കേരിയിൽ സിപിഎം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മിനെ എങ്ങനെ തകര്‍ക്കാം എന്നാണ് മാധ്യമങ്ങള്‍ ആലോചിക്കുന്നത്.
തില്ലങ്കേരിയിലേക്ക് അല്ലാതെ വേറെ എങ്ങോട്ടാണ് താന്‍ പോകേണ്ടത്? 525 പാര്‍ട്ടി മെമ്പര്‍മാരുണ്ട് ഇവിടെ. അവരാണ് പാര്‍ട്ടിയുടെ മുഖം, അല്ലാതെ ആകാശല്ല.
എടയന്നൂര്‍ ഷുഹൈബ് വധവുമായി ബന്ധപ്പെട്ട മുഴുവന്‍ ആളുകളെയും പാര്‍ട്ടി പുറത്താക്കി. ആ സംഭവത്തെ പാര്‍ട്ടി തള്ളിപ്പറഞ്ഞു. എടയന്നൂരിലെ സംഭവത്തില്‍ പാര്‍ട്ടിക്ക് ഒന്നും മറയ്ക്കാനില്ല.
തില്ലങ്കേരിയില്‍ എന്തോ കുഴപ്പമുണ്ടെന്നു പറഞ്ഞ് സിപിഎമ്മിനകത്ത് ആശയക്കുഴപ്പം ഉണ്ടാക്കാനാണു മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും ജയരാജന് വിമര്‍ശിച്ചു.