ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിഭജന നായകനെന്ന് വിശേഷിപ്പിച്ച് അമേരിക്കൻ മാസികയായ ടൈം മാഗസിൻ. ഇന്ത്യാസ് ഡിവൈഡർ ഇൻ ചീഫ് (‘India’s divider in chief’ ) എന്നാണ് മാഗസിൻ മോദിയെ വിശേഷിപ്പിച്ചിരിക്കുന്നത്. മേയ് 20ലെ ഏഷ്യൻ എഡിഷനിലാണ് വിവാദമായ ലേഖനം വന്നിരിക്കുന്നത്. അടുത്ത അഞ്ചു വർഷം കൂടി മോദി സർക്കാർ അധികാരത്തിലെത്തിയാൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം സഹിക്കുമോ എന്ന തലക്കെട്ടിലാണ് ലേഖനം എഴുതിയിരിക്കുന്നത്.
മതേതരത്വമെന്ന ആശയം മുൻ പ്രധാനമന്ത്രി ജവഹർലാല് നെഹ്റുവിന്റെ കാലത്തും മോദി സർക്കാരിന്റെ കാലത്തേതുമായി ലേഖനത്തിൽ താരതമ്യപ്പെടുത്തുന്നുണ്ട്. മോദി സർക്കാരിന്റെ സമയത്ത് മതേതരത്വമെന്ന ആശയം ഞെരുക്കപ്പെടുന്നതായും ലേഖനത്തിലൂടെ ആദിഷ് തപ്സീർ പറയുന്നു. മോദി അധികാരത്തിലെത്തിയ ശേഷം രാജ്യത്തിന്റെ സ്ഥാപക നേതാക്കൾ, ന്യൂനപക്ഷങ്ങളും അവരുടെ സ്ഥാപനങ്ങളുമെല്ലാം അപകടത്തിലാണ്.
2014ന ു ശേഷം സ്വതന്ത്ര ഇന്ത്യയുടെ നേട്ടങ്ങളായ മതേതരത്വം, സ്വാതന്ത്ര്യം, മാധ്യമസ്വാതന്ത്ര്യം എന്നിവയെ ചിലർ ഗുഢാലോചനയുടെ കണ്ണുകളിലൂടെയാണ് നോക്കി കാണുന്നത്. 2002ലെ ഗുജറാത്ത് കലാപ സമയത്ത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന മോദി കലാപകാരികളുടെ സുഹൃത്തായിരുന്നുവെന്നും ലേഖനം ചൂണ്ടിക്കാണിക്കുന്നു.
2013-2014 കാലഘട്ടത്തിൽ ദേശീയ രാഷ്ട്രീയ രംഗത്തെത്തിയ മോദി 2014, 2015, 2017 വർഷങ്ങളിലായി മൂന്ന് തവണ പട്ടികയിൽ ഇടം നേടിയിരുന്നു. അതായത് ഓരോ തവണ മാഗസിന്റെ എഡിറ്റോറിയൽ വീക്ഷണം മാറിയപ്പോൾ പോലും മോദി ഇടം നേടിയിരുന്നു.
2014
2014ലാണ് മോദി ആദ്യമായി ടൈം മാഗസിനിലെ ഫീച്ചറിൽ ഇടം പിടിക്കുന്നത്. പെട്ടെന്നുള്ള നടപടികളും സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുന്ന ഇടപെടലുകളും മികച്ച ഭരണവും കാഴ്ച വെക്കുന്നയാളാണ് മോദിയെന്ന് ടൈം മാഗസിൻ വിലയിരുത്തി. 2015 ൽ, ലോക നേതാവായി ഭാവിയിൽ മോദി എത്രമാത്രം മികച്ച പ്രകടനം നടത്തുമെന്ന കാര്യത്തിൽ പാശ്ചാത്യലോകം എങ്ങനെ കാണുന്നുവെന്നായിരുന്നു ടൈംമിന്റെ ഫീച്ചർ.
2017
2017ൽ എഴുത്തുകാരനും മോദിയുടെ പ്രധാന വിമർശകനുമായ പങ്കജ് മിശ്ര ആയിരുന്നു മോദിയെക്കുറിച്ച് എഴുതാൻ തെരഞ്ഞെടുക്കപ്പെട്ടത്. മിശ്ര ഇങ്ങനെ എഴുതി. “2014 മേയ് മാസത്തിൽ അതായത് അമേരിക്കൻ പ്രസിഡന്റായി ഡോണാൾഡ് ട്രംപ് അധികാരത്തിലെത്തുന്നതിന് വർഷങ്ങൾക്ക് മുൻപ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയിലെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.
ഏതാണ്ട് മൂന്നു വർഷത്തിനു ശേഷം, ഇന്ത്യയുടെ സാന്പത്തിക, രാഷ്ട്രീയ തന്ത്രങ്ങളും സാംസ്കാരിക മേധാവിത്വവും അപ്രസക്തമായി. അദ്ദേഹത്തിന്റെ ഹിന്ദു ദേശീയ വാദികൾ രാജ്യത്തിന്റെ മതനിരപേക്ഷതയെ തകർക്കുകയും ദരിദ്രരായ മുസ്ലീങ്ങളെ ചൂഷണം ചെയ്യുകയും ചെയ്തു. ഇതോടെ മോദിയുടെ പ്രഭാവം നഷ്ടപ്പെട്ടു.’ ആ വർഷമാണ് ടൈം മാഗസിനിൽ മോദി അവസാനമായി പ്രത്യക്ഷപ്പെട്ടത്.