ന്യൂയോർക്ക്: ലോകത്തിലെ വളർന്നുവരുന്ന നേതാക്കളായി ടൈം മാഗസിൻ തെരഞ്ഞെടുത്ത പട്ടികയിൽ വനിതാ ക്രിക്കറ്റ് താരം ഹർമൻപ്രീത് കൗറും അടക്കം മൂന്നു ഇന്ത്യക്കാർ.
കഴിഞ്ഞ ദിവസം പുറത്തിറക്കിയ ‘2023 ടൈം 100 നെക്സ്റ്റ്: ഷേപ്പിഗ് ലീഡേഴ്സ് ഓഫ് ദ വേൾഡ്’ പട്ടികയിൽ നന്ദിത വെങ്കിടേശൻ, വിനു ഡാനിയേൽ എന്നിവരാണ് ഹർമൻപ്രീത് കൗറിനൊപ്പമുള്ള ഇന്ത്യക്കാർ. വനിതാ ക്രിക്കറ്റിനെ ലോകശ്രദ്ധയാകർഷിക്കാൻ കൗറിന്റെ നേതൃത്വത്തിനായെന്ന് മാഗസിൻ വിലയിരുത്തി.
ടിബിക്കുള്ള ജനറിക് മരുന്നുകൾക്കായി നടത്തിയ പോരാട്ടമാണ് ദക്ഷിണാഫ്രിക്കൻ ആരോഗ്യ പ്രവർത്തകയായ ഫുമേസ ടിസിലേയ്ക്കൊപ്പം പട്ടികയിൽ ഇടംപിടിക്കാൻ നന്ദിത വെങ്കിടേശനായത്.
ഇരുവരും ക്ഷയരോഗത്തെ അതിജീവിച്ചവരും ക്ഷയരോഗത്തിനുള്ള മരുന്നിന്റെ പാർശ്വഫലമായി കേൾവി നഷ്ടപ്പെട്ടവരുമാണ്.
മാലിന്യവസ്തുക്കൾ ഉപയോഗിച്ചുള്ള കെട്ടിട നിർമാണത്തിലൂടെയാണ് വാൾമേക്കേഴ്സ് എന്ന സ്റ്റുഡിയോയുടെ ഉടമയായ വിനു ഡാനിയേൽ പട്ടികയിൽ ഇടംപിടിച്ചത്.