മുംബൈ: ശശിതരൂരിനെ കുടുക്കാന്‍ ഓഡിയോ ടേപ്പുകള്‍ പുറത്തുവിട്ട റിപബ്ലിക് ടിവിയും ചാനല്‍ ഉടമ അര്‍ണാബ് ഗോസ്വാമി ഒടുവില്‍ വെട്ടിലായി. താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീണു എന്നു പറയുന്നതു പോലെയായി അര്‍ണാബിന്റെ കാര്യം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിനെ കുടുക്കാനായി പുറത്തുവിട്ട ഓഡിയോ ടേപ്പുകള്‍ മോഷ്ടിച്ചതാണെന്നു കാട്ടി ടൈംസ് നൗ ചാനല്‍ കേസു കൊടുത്തതോടെയാണ് അര്‍ണാബിന്റെ പണിപാളിയത്. പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ടൈംസ് നൗ ചാനലിന്റെ ഉടമസ്ഥരായ ബെന്നറ്റ് കോള്‍മാന്‍ ആന്‍ഡ് കമ്പനിയാണ് അര്‍ണാബിനെതിരേ മുംബൈ ആസാദ് മൈതാന്‍ പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടിരിക്കുന്നത്.
മുമ്പ് ടൈംസ് നൗവിലെ വാര്‍ത്താ അവതാരകനായിരുന്നു അര്‍ണാബ്. ഈ ചാനലിലെ പ്രൈംടൈം വാര്‍ത്താ അവതരണമാണ് അര്‍ണാബിനെ രാജ്യത്തെ ഏറ്റവും പേരെടുത്ത മാധ്യമപ്രവര്‍ത്തകനാക്കിയത്. നേഷന്‍ വാട്സ് ടു നോ എന്ന ആക്രോശവുമായി അര്‍ണാബ് കത്തിക്കയറുമ്പോള്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന പലരും ഓടി രക്ഷപ്പെട്ട അനുഭവം വരെയുണ്ടായിട്ടുണ്ട്. പെട്ടെന്നൊരു സുപ്രഭാതത്തില്‍ ടൈംസ് നൗവില്‍ നിന്നു രാജിവച്ച അര്‍ണാബ് മെയ് ആറിന് പുതിയ ചാനലുമായി രംഗത്തെത്തുകയായിരുന്നു.
ചാനലിന്റെ രണ്ടാമത്തെ വലിയ ബ്രേക്കിങ് ന്യൂസ് ആയിരുന്നു ശശി തരൂരിനെതിരായ ആരോപണം. ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ തരൂരിനെ പ്രതിസ്ഥാനത്തു നിര്‍ത്തുന്നതായിരുന്നു റിപബ്ലിക് ടിവിയുടെ വാര്‍ത്ത. ഡല്‍ഹിയിലെ ലീല ഹോട്ടലിലാണ് സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 307ാം നമ്പര്‍ മുറിയിലായിരുന്ന സുനന്ദയുടെ മൃതദേഹം 347ാം നമ്പര്‍ മുറിയിലേക്കു മാറ്റിയെന്നാണ് ചാനല്‍ ആരോപിച്ചത്. ഇതു തെളിയിക്കാനായി 19 ഫോണ്‍ സംഭാഷനങ്ങളുടെ ഓഡിയോ ടേപ്പുകള്‍ ചാനല്‍ രണ്ടു ദിവസമായി പുറത്തുവിട്ടു. ടൈംസ് നൗവിലെ തന്നെ മുന്‍ റിപ്പോര്‍ട്ടര്‍ പ്രേമ ശ്രീദേവി സുനന്ദ മരിച്ച അന്നും തലേന്നും നടത്തിയ ഫോണ്‍ സംഭാഷണങ്ങായിരുന്നു ഇത്. ഇതില്‍ ഒരെണ്ണം സുനന്ദയുമായുള്ള സംഭാഷണമായിരുന്നു. ശേഷിക്കുന്നതില്‍ ഭൂരിഭാഗവും തരൂരിന്റെ സഹായി നാരായണനുമായുള്ളതും. ഹോട്ടലില്‍ മരണം നടന്ന മുറിയില്‍നിന്ന് മൃതദേഹം മാറ്റിയെന്ന് നാരായണന്‍ സ്ഥിരീകരിക്കുന്നത് ഫോണ്‍ സംഭാഷണങ്ങളിലുണ്ടെന്ന് പ്രേമയും അര്‍ണാബും ആരോപിച്ചു. ഇതെല്ലാം തള്ളിക്കളഞ്ഞ തരൂര്‍ ആരോപണങ്ങള്‍ കോടതിയില്‍ തെളിയിക്കാന്‍ വെല്ലുവിളിക്കുകയായിരുന്നു. മറ്റു മാധ്യമങ്ങളൊന്നും ഇത് കാര്യമായി വാര്‍ത്തയാക്കിയില്ല.
റിപബ്ലിക് തുടങ്ങിയപ്പോള്‍ പ്രേമയും അര്‍ണാബിനൊപ്പം പോരുകയായിരുന്നു. ഇവര്‍ ഇരുവരും കൂടി റിപബ്ലിക് ചാനലിലൂടെ പുറത്തുവിട്ടത് തങ്ങളുടെ ടേപ്പുകളാണെന്നും ഇവര്‍ ഇത് മോഷ്ടിച്ചതാണെന്നും ചൂണ്ടിക്കാട്ടിയാണ് ടൈംസ് നൗ അധികൃതര്‍ പരാതി നല്‍കിയിരിക്കുന്നത്.ഒരു സ്ഥാപനത്തിന്റെ ഭാഗമായിരിക്കെ സ്വന്തം ജോലിയുടെ ഭാഗമായി ലഭിച്ച ടേപ്പുകള്‍ ഇത്തരത്തില്‍ ഉപയോഗിക്കുന്നത് പകര്‍പ്പാവകാശ നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്നും പരാതിയില്‍ കുറ്റപ്പെടുത്തുന്നു. മോഷണം, വിശ്വാസ വഞ്ചന, പകര്‍പ്പാവകാശ ലംഘനം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പരാതി നല്‍കിയിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ തന്നെ മറ്റൊരു വിഭാഗമായ ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ടൈംസ് നൗവിന്റെ ജീവനക്കാരനെന്ന നിലയില്‍ സ്വന്തമാക്കിയ ഓഡിയോ ടേപ്പുകളാണ് അര്‍ണബും ശ്രീദേവിയും ഉപയോഗിച്ചതെന്നും ഇത് ടൈംസിന് അവകാശപ്പെട്ടതാണെന്നും ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരാതിയുമായി പൊലീസിനെ സമീപിക്കാന്‍ തീരുമാനിച്ചതെന്നും ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് പറയുന്നു.
റിപബ്ലിക് ടിവിയില്‍ അര്‍ണാബിനെതിരേ ആഭ്യന്തരരകലഹമുണ്ടാകുന്നു എന്ന വാര്‍ത്തകളുമുണ്ട്. അര്‍ണാബിനോടുള്ള അഭിഭ്രായ വ്യത്യാസത്തെ തുടര്‍ന്ന് സീനിയര്‍ ബിസിനസ് റിപ്പോര്‍ട്ടറായ ചൈതി നുരുല രാജിവച്ചത് ഇന്നലെയാണ്. ധാര്‍മികമായ നിലപാടുകള്‍ ഉയര്‍ത്തിക്കാട്ടിയാണ് ഈ വനിതാ ജേണലിസ്റ്റ് ചാനലില്‍നിന്ന് രാജിവച്ചത്. ഇന്ത്യയിലെ പ്രേഷകരെ മുഴുവന്‍ ഞെട്ടിക്കാന്‍ ഈ മാസം ആറിച്ച് ആരംഭിച്ച ചാനലിനേറ്റ അപ്രതീക്ഷിത തിരിച്ചടിയായി നുരുലയുടെ രാജി. ഇടി നൗ, സിഎന്‍എന്‍-ഐബിഎന്‍ തുടങ്ങിയ ചാനലുകളില്‍ ആങ്കറായും ബിസിനസ് റിപ്പോര്‍ട്ടറായും ഉള്ള പ്രവര്‍ത്തന പരിചയവുമായാണ് നുരുല റിപബ്ലിക് ടിവിയില്‍ ജോയിന്‍ ചെയ്യുന്നത്. പ്രേഷകരെ കൂട്ടാനായി അര്‍ണാബ് നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഒരാഴ്ചകൊണ്ടുതന്നെ നുരുലയ്ക്കു മടുപ്പുണ്ടായിയെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.
അര്‍ണാബിന്റെ രീതികളോട് ചാനലിലെ പലര്‍ക്കും മുറുമുറുപ്പുണ്ട്. എഡിറ്റോറിയലിലെ മറ്റു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും അതുപോലെ തന്നെ സാങ്കേതിക വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരും ഇത്തരത്തില്‍ മുറുമുറുപ്പ് ഉയര്‍ത്തിത്തുടങ്ങിയിട്ടുണ്ട്. ഇതിനിടെ, സ്വകാര്യ വാര്‍ത്താ ചാനലുകളുടെ സംഘടനയായ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനും റിപബ്ലിക് ടിവിക്കെതിരേ രംഗത്തുവന്നിട്ടുണ്ട്. പ്രേഷകരുടെ എണ്ണം കൂട്ടാനായി ആശ്വാസ്യകരമല്ലാത്ത കാര്യങ്ങള്‍ റിപബ്ലിക് ടിവി ചെയ്യുന്നതായിട്ടാണ് സംഘടന ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘടന ടെലികോം റഗുലേറ്ററി അഥോറിറ്റി(ട്രായ്)ക്ക് പരാതിയും നല്കിയിട്ടുണ്ട്. അടുത്തിടെ കോണ്‍ഗ്രസ് വക്താവായ ബ്രിജേഷ് കാലപ്പയെ അപമാനിച്ചതിനും അര്‍ണാബിനെതിരേ പ്രതിഷേധം ഉയരുന്നുണ്ട്. ചാനലിന്റെ ആങ്കറിനെ ബിജെപിയുടെ മാധ്യമപ്രവര്‍ത്തകന്‍ എന്ന് ബിജേഷ് വിശേഷിപ്പിച്ചതാണ് അര്‍ണാബിനെ പ്രകോപിപ്പിച്ചത്.