നരേന്ദ്ര മോദി സര്‍ക്കാര്‍ നാലു വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ വിവിധ സര്‍വേകളുടെ തിരക്കിലാണ് ദേശീയ ചാനലുകള്‍. ടൈംസ് നൗ ചാനലാണ് ദേശീയ രാഷ്ട്രീയത്തിലെ ഗതിവിഗതികള്‍ പ്രവചിച്ച് ആദ്യ സര്‍വേയുമായി രംഗത്തെത്തിയത്. മോദി സര്‍ക്കാര്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ 318 സീറ്റോളം ബിജെപിക്ക് ലഭിക്കുമെന്നുള്ളതാണ് സര്‍വേയിലെ ശ്രദ്ധേയ കാര്യം. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ചെറിയതോതില്‍ അരക്ഷിതാവസ്ഥ നിലനില്‍ക്കുന്നുവെന്ന് പറയുന്ന സര്‍വേ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ജനസമ്മതി ഉയരുന്നതായും പറയുന്നു.
2014ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തനിച്ച് ലഭിച്ചത് 282 സീറ്റാണ്. യുപി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളാണ് അന്ന് ബിജെപിയെ സഹായിച്ചത്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ 318 സീറ്റ് കിട്ടുമെന്ന് പറയുന്ന ടൈംസ് നൗ സര്‍വേയില്‍ പക്ഷേ ഏതൊക്കെ സംസ്ഥാനങ്ങളില്‍ നിന്നാകും ഈ സീറ്റുകളെന്ന് പറയുന്നില്ല. ബിജെപി ഭരിക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ഡിസംബറില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തിരിച്ചു വരുമെന്നും വ്യക്തമാക്കുന്നു.
2019ല്‍ പ്രധാനമന്ത്രിയാകാന്‍ 53 ശതമാനം ജനങ്ങളും ഇഷ്ടപ്പെടുന്നത് നരേന്ദ്ര മോദിയെ തന്നെയാണ്. രാഹുല്‍ ഗാന്ധിക്ക് 23 ശതമാനവും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് 7 ശതമാനവും പിന്തുണയുണ്ട്. എന്‍ഡിഎയ്ക്ക് രണ്ടാംവട്ടം ലഭിക്കുമെന്ന് കരുതുന്നവര്‍ 55 ശതമാനമാണ്. തങ്ങളുടെ ജോലിയിലും വരുമാനത്തിലും അഞ്ചുവര്‍ഷത്തെ മുമ്പത്തേക്കാള്‍ വലിയ വ്യത്യാസം വന്നിട്ടില്ലെന്ന് 31 ശതമാനം പേര്‍ പറയുന്നു.
അതേസമയം എബിപിസിഎസ്ഡിഎസ് നടത്തിയ മൂഡ് ഓഫ് ദ നേഷന്‍ സര്‍വേയില്‍ രാജസ്ഥാനിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് ഉയിര്‍ത്തെണീല്‍ക്കും. മധ്യപ്രദേശില്‍ ഭരണകക്ഷിയായ ബിജെപിയേക്കാള്‍ 15 ശതമാനം അധികം വോട്ട് കോണ്‍ഗ്രസിനു ലഭിക്കും. 230 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഇപ്പോള്‍ നടന്നാല്‍ കോണ്‍ഗ്രസിന് 49 ശതമാനം വോട്ട് വിഹിതവും ബിജെപിക്ക് 34 ശതമാനം വോട്ട് വിഹിതവും ലഭിക്കുമെന്നാണ് സര്‍വേയിലെ കണ്ടെത്തല്‍.
ഇപ്പോള്‍ നിയമസഭാതെരഞ്ഞെടുപ്പു നടന്നാല്‍ രാജസ്ഥാനില്‍ ബിജെപിയെക്കാള്‍ അഞ്ചു ശതമാനം അധികം വോട്ട് കോണ്‍ഗ്രസിന് ലഭിക്കുമെന്നാണ് സര്‍വേയിലെ കണ്ടെത്തല്‍. കോണ്‍ഗ്രസിന് 44 ശതമാനവും ബിജെപിക്ക് 39 ശതമാനവും വോട്ട് ലഭിച്ചേക്കാം. 200 അംഗ രാജസ്ഥാന്‍ നിയമസഭയുടെ കാലാവധി അടുത്ത വര്‍ഷം ജനുവരിയോടെ അവസാനിക്കും.
മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങള്‍ക്കൊപ്പമായിരിക്കും രാജസ്ഥാനിലും വോട്ടെടുപ്പ്. ഈ വര്‍ഷം ആറു നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ നാലിടത്തും രണ്ട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ രണ്ടിടത്തും കോണ്‍ഗ്രസിനായിരുന്നു വിജയം. 2013ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 163 സീറ്റുകള്‍ നേടിയാണ് വസുന്ധര രാജെ സിന്ധ്യയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയത്. കോണ്‍ഗ്രസിന്റെ അംഗബലം 21 ആയി ചുരുങ്ങിയിരുന്നു.