ചെന്നൈ: തമിഴ്നാടിന്റെ രാഷ്ട്രീയം കലക്കി മറിക്കുന്ന വെളിപ്പെടുത്തലുമായി ടൈംസ് നൗ. സര്ക്കാരിന് ഒപ്പം നില്ക്കാന് വിശ്വാസവോട്ടിന് ശശികല പക്ഷം കോഴ നല്കിയതായി എംഎല്എമാരുടെ വെളിപ്പെടുത്തല് സ്റ്റിങ് ഓപ്പറേഷനിലൂടെ പകര്ത്തിയാണ് ടൈംസ് നൗ പുറത്തു വിട്ടത്. വിവരം പുറത്തു വന്നതോടെ മന്ത്രിസഭയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് എത്തി. അതിനിടയില് കൂടുതല് പദവികള് ആവശ്യപ്പെട്ട് ദിനകരന് പക്ഷം എംഎല്എമാര് മുഖ്യമന്ത്രിയെ കാണാന് തീരുമാനിച്ചിരിക്കുകയാണ് എന്നും വിവരമുണ്ട്. എഐഎഡിഎംകെയില് മുഖ്യമന്ത്രി പളനി സ്വാമിക്ക് ഒപ്പമാണ് കൂടുതല് എംഎല്എമാര്. ദിനകരനൊപ്പം 21 പേരുണ്ട്. അതുകൊണ്ട് തന്നെ ഈ രണ്ട് പക്ഷവും ഒന്നിച്ചു നിന്നില്ലെങ്കില് എഐഎഡിഎംകെയ്ക്ക് ഭരണം നഷ്ടമാകും. ഈ പ്രതിസന്ധിക്കിടെയാണ് പുതിയ വിവാദം എത്തുന്നത്.
നിയസഭ പിരിച്ചുവിടണമെന്നാ ആവശ്യമാണ് പ്രതിപക്ഷമായ ഡിഎംകെ ഉന്നയിച്ചിരിക്കുന്നത്. കുതിരക്കച്ചവടത്തിന്റെ വിശദാംശങ്ങള് വീഡിയോയിലൂടെ പുറത്തുവന്നതോടെ എല്ലാ ശ്രദ്ധയും രജനീകാന്തിലേക്ക് എത്തിയിരിക്കുകയാണ്. രാഷ്ട്രീയത്തില് ഇറങ്ങുമെന്ന സൂചന നല്കിയ സ്റ്റൈല് മന്നന് അതിനുള്ള അവസരമാണ് ഒരുങ്ങിയത് എന്നും പലരും പറയുന്നു. പുതിയ വിവാദത്തോടെ എഐഎഡിഎംകെയുമായി രജനി സഹകരിക്കാനുള്ള സാധ്യതയും അടഞ്ഞു. അതോടെ രജനി സ്വന്തം പാര്ട്ടി രൂപികരിക്കുന്നത് കാത്തിരിക്കുകയാണ് തമിഴകം.
രാഷ്ട്രപതി തെരഞ്ഞെടുപ്പ് വരെ കേന്ദ്ര സര്ക്കാര് ഈ വിഷയത്തില് ഇടപെടാന് സാധ്യതയില്ല. എഐഎഡിഎംകെയിലെ എല്ലാ വിഭാഗത്തിന്റേയും പിന്തുണ ബിജെപി ആഗ്രഹിക്കുന്നു. ഇതു സംബന്ധിച്ച ചര്ച്ചകള് തുടങ്ങി കഴിഞ്ഞു. അതുകൊണ്ട് തന്നെ തമിഴ് രാഷ്ട്രീയത്തില് ബിജെപി തല്കാലം അകലം പാലിക്കും. എന്നാല് നിയമസഭാ സമ്മേളനത്തില് പ്രശ്നങ്ങള് കൈവിട്ടാല് കേന്ദ്രസര്ക്കാരിന് കൈയുംകെട്ടി നോക്കി നില്ക്കാനും കഴിയില്ല. കോഴ ടേപ്പ് കോടതിയില് എത്തിയാലും കാര്യങ്ങള് മാറി മറിയും. നാഥനില്ലാ കളരിയായി തമിഴ്നാടിനെ മാറ്റാതിരിക്കാന് രജനി ഉടന് രംഗത്ത് വരണമെന്നാണ് ആരാധകരുടെ ആവശ്യം. കഴിഞ്ഞ ദിവസം ആരാധകരെ കണ്ടപ്പോള് രാഷ്ട്രീയത്തിലേക്കിറങ്ങുമെന്നതിന്റെ വ്യക്തമായ സൂചന രജനീകാന്ത് നല്കിയിരുന്നു.
സൂളൂര് എംഎല്എ ആര്.കനകരാജ്, മധുര സൗത്ത് എംഎല്എ എസ്.എസ്. ശരവണന് എന്നിവരാണ് കോഴയില് ടൈംസ് നൗവിനോട് വെളിപ്പെടുത്തല് നടത്തിയിരിക്കുന്നത്. എടപ്പാടി കെ പഴനിസാമി സര്ക്കാരിനെ പിന്തുണയ്ക്കുന്നതിന് തനി അരസ്, കരുണാസ്, തമീമുല് അന്സാരി എന്നീ എംഎല്എമാര് 10 കോടി രൂപ വാങ്ങിയെന്നു ശരവണന് പറയുന്നുണ്ട്. പനീര്ശെല്വപക്ഷത്ത് ചേരുന്നതിന് കൂവത്തൂരിലെ റിസോര്ട്ടില് നിന്നും ഒളിച്ചോടിയ എംഎല്എയാണിയാള്. എന്നാല് കനകരാജ് എടപ്പാടി പക്ഷത്താണുള്ളത്. ശശികല പക്ഷം ആറു കോടി വീതമാണ് എംഎല്എമാര്ക്ക് നല്കിയതെന്നും പിന്നീട് ഇതിന് തുല്യമായ സ്വര്ണവും നല്കിയിരുന്നതായി എംഎല്എമാര് സമ്മതിക്കുന്നുണ്ട്.
പനീര്ശെല്വവും മോശമാക്കിയില്ലെന്നും ഒപ്പം ചേരുന്നതിന് ഒരു കോടി രൂപയും ഒരു മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തതായും ശരവണന് പറയുന്നു.
അങ്ങനെ ജയലളിതയുടെ പാര്ട്ടിയിലെ രണ്ട് വിഭാഗങ്ങളും വിവാദത്തിലാകുന്നു. ആവശ്യത്തിലധികം മദ്യവും കൂവത്തൂരിലെ റിസോര്ട്ടില് ഒഴുകിയാതായും എംഎല്എ സമ്മതിക്കുന്നുണ്ട്. ആദ്യം പണം നല്കാമെന്നും എന്നാല് പിന്നീട് പണത്തിന്റെ ലഭ്യതകുറഞ്ഞ കാരണം സ്വര്ണമായി നല്കാമെന്നുമായിരുന്നു വാഗ്ദാനം. തങ്ങള് അതില് സന്തുഷ്ടനായിരുന്നുവെന്നും ശരവണന് പറഞ്ഞു. ഈ വെളിപ്പെടുത്തലുകളാണ് രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനത്തിലേക്ക് കാര്യങ്ങള് എത്തിക്കുന്നത്.
രജനീകാന്ത് ഈ വര്ഷം ജൂലൈയില് സ്വന്തമായി രാഷ്ട്രീയ പാര്ട്ടി പ്രഖ്യാപിക്കുമെന്ന് താരത്തിന്റെ സഹോദരന് സത്യനാരായണ റാവു ഗെയ്ക്കവാദ് പറഞ്ഞിട്ടുണ്ട്. ബിജെപിയില് ചേരുമെന്ന പ്രചാരണം തള്ളിയ സത്യനാരായണ റാവു, സ്വന്തം പാര്ട്ടി പ്രഖ്യാപിച്ചുകൊണ്ടാകും രജനി രാഷ്ട്രീയത്തില് വരികയെന്നും വ്യക്തമാക്കി. പാര്ട്ടിയുടെ പേരും ചിഹ്നവും ഉള്പ്പെടെയുള്ള കാര്യങ്ങള് തീരുമാനിക്കുന്നതിനായി ചര്ച്ചകള് നടന്നുവരികയാണെന്നും രജനിയുടെ സഹോദരന് പറഞ്ഞു. രജനീകാന്ത് രാഷ്ട്രീയത്തില് വരണമെന്നത് ജനങ്ങളുടെ ആഗ്രഹമാണ്. അദ്ദേഹം രാഷ്ട്രീയത്തില് വരണമെന്ന് അതിയായി ആഗ്രഹിക്കുന്ന ആരാധകരുമായും അഭ്യുദയകാംക്ഷികളുമായും ആദ്യഘട്ട കൂടിക്കാഴ്ച പൂര്ത്തിയാക്കിക്കഴിഞ്ഞു അഭ്യൂഹങ്ങള് ശരിവച്ച് സത്യനാരായണ പറഞ്ഞു. രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് രജനി ഇതുവരെ തുറന്നു പറഞ്ഞിട്ടില്ലെങ്കിലും പരോക്ഷമായ പല സൂചനകളും നല്കിക്കഴിഞ്ഞു.
അടുത്തിടെ ചെന്നൈ കോടമ്പാക്കത്ത് ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയില് നിലവിലെ രാഷ്ട്രീയ സംവിധാനത്തെ വിമര്ശിച്ച രജനി, താന് രാഷ്ട്രീയത്തില് വരണമെന്ന് ദൈവം തീരുമാനിച്ചാല് അതു നടക്കുമെന്നും വ്യക്തമാക്കിയിരുന്നു. അഞ്ചു ദിവസത്തോളം ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കൊടുവില് ‘യുദ്ധസജ്ജരാകാന്’ രജനീകാന്ത് നല്കിയ ആഹ്വാനം, അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശന സൂചനയായാണ് വ്യാഖ്യാനിക്കപ്പെട്ടത്. എംജിആര് മുതല് ജയലളിത വരെയുള്ള താരങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിച്ച തമിഴക രാഷ്ട്രീയ ചരിത്രമാണ് രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുമ്പോള് രജനിക്കു മുന്നിലുള്ളത്. ജയലളിതയുടെ വിയോഗവും കരുണാനിധിയുടെ അനാരോഗ്യവും തമിഴ് രാഷ്ട്രീയത്തില് തീര്ത്തിരിക്കുന്ന വന്വിടവില് രജനീകാന്തെന്ന ജനപ്രിയ താരത്തെ പ്രതിഷ്ഠിക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്. അതിനുള്ള സ്വാധീനം തമിഴ്നാട്ടില് രജനിക്കുണ്ടെന്നതാണ് യാഥാര്ത്ഥ്യം. നാഥനില്ലാ കളരിയായ തമിഴ് രാഷ്ട്രീയത്തെ നയിക്കാന് സ്റ്റൈല്മന്നനാകുമെന്ന് ബഹുഭൂരിപക്ഷം തമിഴ് മക്കളും വിശ്വസിക്കുന്നു.