രാജ്യം ലോക്സഭ തെരഞ്ഞെടുപ്പിന് ഒരുങ്ങി നില്‍ക്കേ ടൈംസ് ഓഫ് ഇന്ത്യ നടത്തിയ സര്‍വേ ഫലങ്ങള്‍ പുറത്തുവന്നു. കോണ്‍ഗ്രസിനും ബിജെപിക്കും കാര്യമായി ആശ്വസിക്കാനുള്ള വകയൊന്നും സര്‍വേയിലില്ല. കോണ്‍ഗ്രസിന് കഴിഞ്ഞതവണത്തേതില്‍ നിന്ന് സീറ്റും വോട്ടും കൂടുമെങ്കിലും ഭരണത്തിലെത്താന്‍ അതൊന്നും മതിയാകില്ലെന്ന് സര്‍വേ പറയുന്നു. 2014നെ അപേക്ഷിച്ച് സീറ്റില്‍ കുറവു വരുമെങ്കിലും ഭൂരിപക്ഷത്തിന് അടുത്തെത്താന്‍ ബിജെപിക്ക് സാധിക്കുമെന്നും ജനുവരി അവസാനം നടത്തിയ സര്‍വേ അടിവരയിടുന്നു.
ബിജെപി ഉള്‍പ്പെടുന്ന എന്‍ഡിഎയ്ക്ക് 252 സീറ്റ് കിട്ടുമെന്നാണ് ടൈംസ് നൗ-വിഎംആര്‍ സര്‍വേയില്‍ പറയുന്നത്. ഭരണം ലഭിക്കാന്‍ 20നടുത്ത് സീറ്റുകളുടെ കുറവ്. മറുവശത്ത് കോണ്‍ഗ്രസ് നയിക്കുന്ന യുപിഎയ്ക്ക് 147 സീറ്റും മറ്റുള്ളവര്‍ക്ക് 144 സീറ്റുകളും ലഭിക്കും. കഴിഞ്ഞതവണ ബിജെപി തൂത്തുവാരിയ ഉത്തര്‍പ്രദേശില്‍ എസ്പി-ബിഎസ്പി സഖ്യം 50ലേറെ സീറ്റുകള്‍ സ്വന്തമാക്കും. കേവല ഭൂരിപക്ഷത്തില്‍ നിന്ന് ബിജെപിയെ തടയുന്നതും ഇതുതന്നെ. കോണ്‍ഗ്രസിന് യുപിയില്‍ കേവലം രണ്ടു സീറ്റാണ് സര്‍വേ പറയുന്നത്.
കേരളത്തില്‍ എല്‍ഡിഎഫ് തകര്‍ന്നടിയും, ബിജെപിക്ക് അക്കൗണ്ട് തുറക്കും
ബിജെപി ചരിത്രത്തിലാദ്യമായി അക്കൗണ്ട് തുറക്കുമെന്നതാണ് കേരളത്തിലെ സര്‍വേയിലെ സവിശേഷത. 16 സീറ്റുകളുമായി യുഡിഎഫ് കേരളം തൂത്തുവാരുമ്പോള്‍ സിപിഎം നേതൃത്വത്തിലുള്ള എല്‍ഡിഎഫിന് കേവലം മൂന്നു സീറ്റ് മാത്രമാണ് സര്‍വേ നല്‍കുന്നത്. ബിജെപി ഏതു സീറ്റിലാണ് ജയിക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല. ശബരിമല വിഷയം സിപിഎമ്മിനെ കനത്ത രീതിയില്‍ ബാധിക്കുമെന്നും സര്‍വേ സൂചിപ്പിക്കുന്നു.
ബംഗാളില്‍ മമതയെങ്കിലും ബിജെപി വളരും
ബംഗാളില്‍ സിപിഎം ഉള്‍പ്പെടുന്ന ഇടതുപാര്‍ട്ടികള്‍ ചിത്രത്തില്‍ പോലും ഉണ്ടാകില്ലെന്നാണ് സര്‍വേ പറയുന്നത്. 42 ല്‍ 32 ഇടത്തും തൃണമൂല്‍ ജയിച്ചു കയറുമ്പോള്‍ ബിജെപി കരുത്തു തെളിയിക്കും. കഴിഞ്ഞ തവണത്തെ രണ്ടു സീറ്റില്‍ നിന്ന് ഒന്‍പതിലേക്ക് ബിജെപി വളരും. സംസ്ഥാനത്ത് കഴിഞ്ഞ മൂന്നുവര്‍ഷമായി ബിജെപി വലിയ വളര്‍ച്ചയാണ് കാഴ്ച്ചവയ്ക്കുന്നത്. അമിത് ഷായുടെ തന്ത്രങ്ങള്‍ താമരപ്പാര്‍ട്ടിക്ക് വംഗനാട്ടില്‍ കരുത്തു പകരുമെന്ന് സര്‍വേ വ്യക്തമാക്കുന്നു. കോണ്‍ഗ്രസിന് ഒരു സീറ്റാണ് പ്രവചിക്കുന്നത്.