വാര്‍ത്താ പ്രാധാന്യം നേടി വിവാഹിതരായ ഐഎഎസ് ദമ്പതികളുടെ ദാമ്പത്യത്തിന് അകാലത്തില്‍ അന്ത്യമാകുന്നു. ഇരുവരും വിവാഹമോചനത്തിന് കുടുംബക്കോടതിയെ സമീപിച്ചു.
2015ലെ ഐഎഎസ് ഒന്നാം റാങ്കുകാരിയായിരുന്ന ടിന ദബിയും ഭര്‍ത്താവ് അതര്ഖാനുമാണ് വിവാഹ ബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ചത്. മസൂറിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷനല്‍ അക്കാദമിയില്‍ വച്ചാണ് ഇരുവരും പ്രണയത്തിലായത്.
തുടര്‍ന്ന് 2018ല്‍ വിവാഹിതരാവുകയായിരുന്നു. ഈ വിവാഹം ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഐഎഎസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടുന്ന ആദ്യ ദളിത് യുവതിയാണ് ടിന. ഒരു വയസ്സ് കൂടുതലുള്ള അതര്‍ കശ്മീര്‍ സ്വദേശിയാണ്.
ഭോപ്പാല്‍ സ്വദേശിയാണ് ടിന. ഇരുവരെയും ജയ്പുരിലാണ് നിയമിച്ചത്. കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ശക്തമായ ഇടപെടല്‍ നടത്തി ടിന വീണ്ടും ദേശീയശ്രദ്ധ ആകര്‍ഷിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ളവര്‍ വിവാഹത്തെ വാഴ്ത്തിയിരുന്നു.
‘നിങ്ങളുടെ പ്രണയം കൂടുതല്‍ കരുത്താര്‍ജിക്കട്ടെ. അസഹിഷ്ണുതയും വര്‍ഗീയതയും വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനമാകട്ടെ’ രാഹുല്‍ അന്ന് ആശംസിച്ചതിങ്ങനെയായിരുന്നു.
വെങ്കയ്യ നായിഡു, സുമിത്ര മഹാജന്, രവിശങ്കര്‍ പ്രസാദ് തുടങ്ങിയ ഉന്നതര്‍ അന്ന് ഡല്‍ഹിയില്‍ നടന്ന സല്‍ക്കാരത്തില്‍ പങ്കെടുത്തിരുന്നു.