ചുങ്കപ്പാറ: പ്രമാദമായ റ്റിഞ്ചു കൊലക്കേസിൽ നിരപരാധിത്വം തെളിയിക്കാനായതിന്റെ ആശ്വാസത്തിലാണ് ടിജിൻ ജോസഫ്.
തന്നോടൊപ്പം കഴിഞ്ഞിരുന്ന റ്റിഞ്ചു മരിച്ചതിനുശേഷം അനുഭവിച്ച പീഡനങ്ങളിൽ മനംനൊന്തു കഴിയുന്പോഴാണ് കഴിഞ്ഞ ഞായറാഴ്ച ടിജിനെ തേടി മറ്റൊരു വാർത്ത എത്തിയത്.
റ്റിഞ്ചുവിനെ നസീർ കൊലപ്പെടുത്തിയതാണെന്നും ഇയാളെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തതായും അറിഞ്ഞു.
തെളിവെടുപ്പിനായി നസീറിനെ കൊണ്ടുവന്നപ്പോഴും ടിജിൻ ഇതു വിശ്വസിച്ചിരുന്നില്ല. നസീറിനെ കണ്ടു പരിചയമുണ്ടെങ്കിലും അടുത്തിടപഴകിയിട്ടില്ലെന്ന് ടിജിൻ പറയുന്നു.
ഇത്തരത്തിൽ ഈ സംഭവത്തിന് ഒരു വഴിത്തിരിവ് പ്രതീക്ഷിച്ചിരുന്നില്ല.
തന്റെ നിരപരാധിത്വം തെളിയിക്കണമെന്നുണ്ടായിരുന്നു. അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ അതിനു കഴിയുമെന്ന പ്രതീക്ഷ തനിക്കുണ്ടായിരുന്നു.
കേസിൽ നസീറിനെ ക്രൈംബ്രാഞ്ച് നേരത്തെ തന്നെ സാക്ഷിയായി ചേർത്തിരുന്നു. പിന്നീടാണ് പ്രതിയായത്. ഇയാൾ കോട്ടാങ്ങലിലെ തന്റെ വീട്ടിൽ സംഭവദിവസം എത്തിയിരുന്നതായി പറഞ്ഞിരുന്നു.
എന്നാൽ ഇത്തരമൊരു കൃത്യം ഇയാളിൽ നിന്നുണ്ടാകുമെന്ന് കരുതിയില്ല. ലോക്കൽ പോലീസിന്റെ അന്വേഷണത്തിനിടെ തന്നെ അവർ തല്ലിച്ചതച്ചത് ഇപ്പോഴും വേദനയോടെ മാത്രമേ ടിജിന് ഓർക്കാൻ കഴിയുന്നുള്ളൂ.
നട്ടെല്ലിനേറ്റ ക്ഷതം കാരണം ബെൽറ്റിട്ടിരിക്കുകയാണ്. രക്തം ഛർദിച്ച് മെഡിക്കൽ കോളജിൽ കിടന്നിരുന്നു.
ജോലി ചെയ്തു ജീവിക്കാൻ പോലുമാകാത്ത സാഹചര്യമാണ് നിലവിലെന്നും ടിജിൻ പറഞ്ഞു.
ടിജിനെ മർദിച്ച അന്നത്തെ പെരുന്പെട്ടി എസ്ഐയ്ക്കെതിരെയുള്ള നിയമനടപടി തുടരാനാണ് തീരുമാനമെന്ന് ടിജിന്റെ പിതാവ് ഔസേപ്പച്ചൻ പറഞ്ഞു.