കോട്ടയം: മാങ്ങാനത്ത് കാണാതായ വൃദ്ധദമ്പതികളുടെ മകൻ ടിൻസി ഇട്ടി ഏബ്രഹാം ജീവനൊടുക്കിയത് വൻ സാന്പത്തിക ബാധ്യതയെത്തുടർന്നെന്നു സൂചന. ബാങ്കുകളിൽനിന്നും നിരവധി പേരിൽനിന്നും വായ്പയായി വൻ തുക പണം വാങ്ങിയിരുന്നതായും പോലീസ് അന്വേഷണത്തിൽ സൂചന ലഭിച്ചു.
തിങ്കളാഴ്ച പുലർച്ചെ മുതൽ കാണാതായ കെഎസ്ഇബി റിട്ട. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജീനിയർ മാങ്ങാനം പുതുക്കാട്ട് പി.സി. ഏബ്രഹാമിനെയും (69), ഭാര്യ തങ്കമ്മയെയും (65)കണ്ടെത്താനായി സംസ്ഥാനത്തെ വിവിധ ധ്യാന കേന്ദ്രങ്ങളിൽ പോലീസ് അന്വേഷണം നടത്തിയെങ്കിലും ഇവരെപ്പറ്റി കൃത്യമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല.
മാങ്ങാനം പുതുക്കാട്ട് ടിൻസി ഇട്ടി ഏബ്രഹാമിനെ (37) വീട്ടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരം 6.30നായിരുന്നു സംഭവം. ടിൻസിയുടെ മൃതദേഹം കളത്തിപ്പടി സ്വകാര്യആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ടിൻസിയുടെ മൃതദേഹം സംസ്കരിക്കുന്നതിൽ ബന്ധുക്കൾ തീരുമാനമെടുത്തിട്ടില്ല. പ്രസവശസ്ത്രക്രിയയ്ക്കുശേഷം വിശ്രമിക്കുന്നതിനാൽ മൂന്നുദിവസത്തിനുശേഷമേ ബിൻസിയെ ഭർത്താവിന്റെ മരണവിവരം അറിയിക്കാവൂവെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. മകന്റെ മരണവിവരമറിഞ്ഞ് ഏബ്രഹാമും തങ്കമ്മയും മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കൾ.
ഇതിനിടെ, മോർച്ചറിയിൽനിന്നു ടിൻസിയുടെ മൃതദേഹം തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി അധികൃതർ ബന്ധുക്കളെ സമീപിച്ചു. മരിച്ചതിനുശേഷം വൈകിയാണു ടിൻസിയുടെ മൃതദേഹം മോർച്ചറിയിൽ പ്രവേശിപ്പിച്ചത്. മൃതദേഹം ജീർണാവസ്ഥയിലാണെന്നും ആശുപത്രി അധികൃതർ പറയുന്നു.
ഏബ്രഹാമും തങ്കമ്മയും ധ്യാനകേന്ദ്രങ്ങളിലുണ്ടാകുമെന്ന സൂചനകളുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇരുവരും സഞ്ചരിച്ച സ്കൂട്ടർ റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഏരിയയിൽ പോലീസ് കണ്ടെത്തിയിരുന്നു. സ്കൂട്ടറിന്റെ താക്കോലും പാർക്കിംഗ് ഫീസിന്റെ രസീതും സീറ്റിനടയിനടിയിൽനിന്നു കണ്ടെത്തിയിരുന്നു. ഇരുവരും പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ഡിവൈഎസ്പി സഖറിയ മാത്യു, സിഐ സാജു വർഗീസ്, എസ്ഐ രഞ്ജിത് കെ. വിശ്വനാഥ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
ദന്പതികളെ കണ്ടെത്താൻ എല്ലാ ജില്ലകളിലും പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി. ധ്യാന കേന്ദ്രങ്ങൾ, ഓൾഡേജ് ഹോമുകൾ, ലോഡ്ജുകൾ, ഹോട്ടലുകൾ തുടങ്ങിയ സ്ഥലങ്ങളിൽ എത്തുന്ന അന്വേഷണ സംഘങ്ങൾ ദന്പതികളുടെ ചിത്രങ്ങൾ കാണിച്ചാണു ഇവരെ അന്വേഷിക്കുന്നത്.