കോട്ടയം: മാങ്ങാനത്തുനിന്നും കാണാതായ ദന്പതികളുടെ മകൻ ടിൻസിയുടെ സംസ്കാരം നടത്തി. ഇന്നു രാവിലെ ഒൻപതിന് ഇറഞ്ഞാലിലുള്ള സഹോദരന്റെ വീട്ടിൽ ടിൻസിയുടെ മൃതദേഹം കൊണ്ടുവന്നു. തുടർന്ന് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം കൊല്ലാട് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ സംസ്കരിച്ചു.
ടിൻസിയുടെ ഭാര്യ ബിൻസി പ്രസവ ശേഷം സ്വകാര്യ ആശുപത്രിയിൽ വിശ്രമിക്കുകയായിരുന്നു. കഴിഞ്ഞ 15നാണ് ബിൻസി ഒരു കുഞ്ഞിന് ജന്മം നല്കിയത്. അന്നാണ് ടിൻസി ആത്മഹത്യ ചെയ്തത്. ഇന്നലെയാണ് മരണ വിവരം ഭാര്യയെ അറിയിച്ചത്.
ടിൻസി കാണാതായ മാതാപിതാക്കളെ തേടി പോയിരിക്കുകയായിരുന്നുവെന്നാണ് ഇതുവരെ ബിൻസിയെ അറിയിച്ചിരുന്നത്. ഭർത്താവിന്റെ വിയോഗ വാർത്ത കേട്ട് ബിൻസി നിലവിളിച്ചത് കണ്ടു നിന്നവരെ പോലും ഈറനണിയിച്ചു.
കഴിഞ്ഞ 13ന് കാണാതായ മാങ്ങാനം പുതുക്കാട്ട് പി.സി. എബ്രഹാമിനെയും (69), ഭാര്യ തങ്കമ്മയെയും (65) കുറിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. കഐസ്ഇബി റിട്ട. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജീനിയറാണ് ഏബ്രഹാം. മാതാപിതാക്കളുടെ തിരോധാനത്തിൽ മനം നൊന്താണ് ഇളയമകൻ ടിൻസി ഇട്ടി എബ്രഹാം(37) ആത്മഹത്യ ചെയ്തത്.