കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് തന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുന്നതിനെതിരേ നടൻ ടിനി ടോം.
ഫേസ്ബുക്ക് ലൈവിലൂടെയാണ് താരം പ്രതികരിച്ചിരിക്കുന്നത്. ഈ കേസുമായി ഒരു ബന്ധവുമില്ലാത്ത തനിക്കെതിരേ കള്ളക്കഥ പ്രചരിപ്പിച്ചു കൊല്ലരുതെന്ന് ടിനി പറഞ്ഞു.
ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തന്നെപ്പറ്റി തെറ്റിദ്ധാരണ പരത്തുകയാണെന്ന് ടിനിം ടോം പറഞ്ഞു. ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ അനാവശ്യമായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തന്റെ പേര് വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുകയാണ്.
ഒരു വിധത്തിലും താന്‍ ഇടപെട്ടിട്ടില്ലാത്ത ഒരു സംഭവമാണിത്. ഇതുമായി ബന്ധപ്പെട്ട് പോലീസ് തന്നെ വിളിച്ചിട്ടില്ല, മൊഴിയെടുത്തിട്ടുമില്ല.
താന്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഷംന കാസിമോ പ്രതികളോ പറഞ്ഞിട്ടില്ല. ആര്‍ക്ക് വേണമെങ്കിലും പോലീസില്‍ ബന്ധപ്പെട്ട് സത്യാവസ്ഥ അന്വേഷിക്കാവുന്നതാണ്. താന്‍ ഒരുപാട് കഷ്ട്പ്പെട്ടാണ് ഈ നിലയിലെത്തിയത്. അര്ഹതപ്പെട്ടതല്ലാതെ ഒന്നും തന്നെ നേടിയിട്ടില്ല.
അധ്വാനിച്ചാണ് എല്ലാം സമ്പാദിച്ചത്. അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ അവര്‍ക്ക് ഒരു കുടുംബമുണ്ടെന്ന് വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവര്‍ ഓര്‍ക്കണം. സത്യസന്ധമായ കാര്യങ്ങള്‍ പറയാന്‍ ശ്രമിക്കുക.
ഇതിനു മുമ്പും വാര്‍ത്ത നല്‍കുമെന്ന് പറഞ്ഞ് തന്നെ ഒരാള്‍ ബ്ലാക്ക് മെയില്‍ ചെയ്തിട്ടുണ്ട്. എന്തുകൊണ്ടാണ് തന്നെ ടാര്‍ഗറ്റ് ചെയ്യുന്നതെന്ന് മനസിലാകുന്നില്ല.
ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ സംഘത്തില്‍ താനുമുണ്ടെന്ന് എന്ത് അടിസ്ഥാനത്തിലാണ് ഓണ്‍ലൈന്‍ മാധ്യമം വാര്‍ത്ത നല്‍കിയതെന്ന് മനസിലാകുന്നില്ല.
തന്നെക്കുറിച്ച് വാര്‍ത്ത നല്കിയ ഓണ്‍ലൈന്‍ മാധ്യമം വിളിച്ച ഒരു അവാര്‍ഡ് പരിപാടിയിലും അഭിമുഖത്തിലും പങ്കെടുക്കാന്‍ തനിക്ക് സാധിച്ചിട്ടില്ല. ഇതിന്റെ പേരില്‍ ഉപദ്രവിക്കരുത്.
തനിക്കെതിരേ വ്യാജപ്രചരണം നടത്തിയവര്‍ക്കെതിരേ ഈയാഴ്ച നടക്കുന്ന അമ്മ എക്സിക്യൂട്ടീവ് യോഗത്തിനു ശേഷം പരാതി നല്കുന്ന കാര്യം തീരുമാനിക്കുമെന്നും ടിനി ടോം വ്യക്തമാക്കി.