ചുങ്കപ്പാറ: മാപ്പൂര് ടിഞ്ചു മൈക്കിളി (26)ന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. 2019 ഡിസംബർ 15ന് കോട്ടാങ്ങൽ കണയിങ്കൽ ടിജിൻ ജോസഫിന്റെ താമസസ്ഥലത്താണ് ടിഞ്ചു മൈക്കിളിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കാമുകനെന്നു പറയുന്നയാളിനൊപ്പം കഴിഞ്ഞിരുന്ന ടിഞ്ചുവിന്റെ മരണത്തേ തുടർന്ന് അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കളും പ്രദേശവാസികളും നൽകിയ പരാതികളിൽ പോലീസ് കൃത്യമായ നടപടികൾ നടത്തിയിട്ടില്ലെന്ന് ആക്ഷൻ കൗണ്‍സിൽ ഭാരവാഹികളുടെയും ബന്ധുക്കളുടെയും പരാതിയേ തുടർന്നാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറാൻ തീരുമാനിച്ചത്.
ക്രൈംബ്രാഞ്ച് സംഘം ഉടൻ അന്വേഷണം ഏറ്റെടുക്കും. ലോക്കൽ പോലീസ് അന്വേഷണത്തിൽ പുരോഗതിയില്ലെന്നിരിക്കേ കഴിഞ്ഞദിവസം ടിജിൻ നടത്തിയിട്ടുള്ള ചില പ്രസ്താവനകൾ കേസ് വഴിതിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇക്കാര്യം കഴിഞ്ഞദിവസം രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തിരുന്നു.
ക്രിസ്ത്യൻ സമുദായ ആചാരപ്രകാരം തന്നെയാണ് മകളെ വായ്പൂര് സ്വദേശി ലിജുവിനു വിവാഹം ചെയ്തയച്ചതെന്നും മാതാപിതാക്കൾ പറഞ്ഞു. ഭർത്തൃമതിയായ യുവതിയെ ടിജിൻ എന്നയാൾ വിളിച്ചുകൊണ്ടുവന്ന് താമസിപ്പിക്കുകയായിരുന്നു.
ഇയാൾ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. ഭർത്താവ് ലിജു കീഴ്വായ്പൂര് പോലീസിൽ ഇതു സംബന്ധിച്ച് പരാതിയും നൽകിയിരുന്നു. തൂങ്ങിമരിച്ച നിലയിലാണ് ടിഞ്ചുവിന്റെ മൃതദേഹം കണ്ടെത്തിയതെങ്കിലും ശരീരത്തിൽ ചതവുകളും ക്ഷതങ്ങളുമായി 53 മുറിവുകളുണ്ടായിരുന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
ഇത്തരം വിഷയങ്ങൾ ചൂണ്ടിക്കാട്ടി കേസ് ക്രൈംബ്രാഞ്ചിനു കൈമാറണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ രൂപീകരിച്ച് അധികൃതർക്ക് നിവേദനം നൽകിയിരുന്നു.