ചുങ്കപ്പാറ: മാപ്പൂര് ടിഞ്ചു മൈക്കിളി (26)ന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട അന്വേഷണം വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നതായി പരാതി. 2019 ഡിസംബർ 15ന് കോട്ടാങ്ങൽ കണയിങ്കൽ ടിജിൻ ജോസഫിന്റെ താമസസ്ഥലത്താണ് ടിഞ്ചു മൈക്കിളിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കാമുകനെന്നു പറയുന്നയാളിനൊപ്പം കഴിഞ്ഞിരുന്ന ടിഞ്ചുവിന്റെ മരണത്തേ തുടർന്ന് അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കളും പ്രദേശവാസികളും നൽകിയ പരാതികളിൽ പോലീസ് കൃത്യമായ നടപടികൾ നടത്തിയിട്ടില്ലെന്ന് ആക്ഷൻ കൗണ്‍സിൽ ഭാരവാഹികളും ബന്ധുക്കളും പറഞ്ഞു.
മരണത്തെ സംബന്ധിച്ച് ദുരൂഹത ഉയർന്നതിനേ തുടർന്ന് മുഖ്യമന്ത്രി, ഡിജിപി, ജില്ലാ പോലീസ് മേധാവി, തുടങ്ങിയവർക്കും പെരുന്പെട്ടി പോലീസിലും പരാതി നൽകിയതാണ്. എന്നാൽ അന്വേഷണം എങ്ങുമെത്തിയില്ലെന്നു മാത്രമല്ല, കഴിഞ്ഞദിവസം ടിജിൻ നടത്തിയിട്ടുള്ള ചില പ്രസ്താവനകൾ കേസ് വഴിതിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ബന്ധുക്കൾ കുറ്റപ്പെടുത്തി.
ടിഞ്ചുവിന്റെ വിദ്യാഭ്യാസപരമായി ആരും പുറമേനിന്നു സഹായിച്ചിട്ടില്ലെന്നും മകളെ നല്ലനിലയിൽ നഴ്സിംഗ് പഠനം പൂർത്തീകരിപ്പിക്കാൻ തങ്ങൾക്കു കഴിഞ്ഞിരുന്നതായും മാതാപിതാക്കൾ പറഞ്ഞു. ക്രിസ്ത്യൻ സമുദായ ആചാരപ്രകാരം തന്നെയാണ് മകളെ വായ്പൂര് സ്വദേശി ലിജുവിനു വിവാഹം ചെയ്തയച്ചതെന്നും മാതാപിതാക്കൾ പറഞ്ഞു.
ഭർത്തൃമതിയായ യുവതിയെ ടിജിൻ എന്നയാൾ വിളിച്ചുകൊണ്ടുവന്ന് താമസിപ്പിക്കുകയായിരുന്നു. ഇയാൾ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. ഭർത്താവ് ലിജു കീഴ്വായ്പൂര് പോലീസിൽ ഇതു സംബന്ധിച്ച് പരാതിയും നൽകിയിരുന്നു.
തൂങ്ങിമരിച്ച നിലയിലാണ് ടിഞ്ചുവിന്റെ മൃതദേഹം കണ്ടെത്തിയതെങ്കിലും ശരീരത്ത് മുറിവുകളും ക്ഷതങ്ങളുമായി 53 മുറിവുകളുണ്ടായിരുന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. കേസിലെ പ്രതികളെ നിയമത്തിനു മുന്പിൽ കൊണ്ടുവരേണ്ടതിനു പകരം അന്വേഷണ ഉദ്യോഗസ്ഥരിൽ ചിലർ കേസ് അട്ടിമറിക്കാൻ ശ്രമം നടത്തുന്നുണ്ട്.
കേസ് ക്രൈംബ്രാഞ്ചിനെ ഏല്പിക്കണമെന്നാണ് ആക്ഷൻ കൗണ്‍സിലിന്റെ ആവശ്യം. പോലീസ് മർദിച്ചതായി ആരോപിച്ച് കോട്ടയം മെഡിക്കൽ കോളജിൽ ഇയാൾ ചികിത്സയിലാണ്. ഇതേ സമയം കേസ് അട്ടിമറിക്കാൻ ചില നീക്കങ്ങൾ നടന്നതിനു പിന്നിൽ ദുരൂഹതയുണ്ടെന്നും ആരോപണമുയർന്നു.
നാട്ടിലെ പെണ്‍കുട്ടികളെ പ്രലോഭനങ്ങളിൽ കുടുക്കി ചതിക്കുന്നവരെ സംരക്ഷിക്കുന്ന നിലപാടുകൾക്കെതിരെ തിരിച്ചറിവു കൂടിയാണ് ഈ കേസെന്നും ആക്ഷൻ കൗണ്‍സിൽ യോഗം അഭിപ്രായപ്പെട്ടു
.ആക്ഷൻ കൗണ്‍സിൽ പ്രസിഡന്റ് ഒ.എൻ.സോമശേഖരപ്പണിക്കർ,സക്കിർ ഹുസൈൻ, ജോസഫ് ജോണ്‍, അനീഷ് ചുങ്കപ്പാറ, വി. ഷാഹിദാബി, റ്റി.ഐ. ഇസ്മായിൽ, എച്ച്. റാവുത്തർ, ജമാലുദിൻ നാലുപങ്കിൽ, ബിന്ദു ദേവരാജൻ , സാബു മരുത്കുന്നേൽ, എം.കെ.എം. ഹനീഫ, കൊച്ചുമോൻ വടക്കേൽ, ജോസി തോമസ് എന്നിവർ പ്രസംഗിച്ചു.