ചുങ്കപ്പാറ: കോട്ടാങ്ങൽ പുല്ലാഞ്ഞിപ്പാറ കണയങ്കൽ റ്റിഞ്ചു മൈക്കിൾ (26) കൊലപാതകക്കേസിൽ അറസ്റ്റിലായ പ്രതി നസീറുമായി ജില്ലാ ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തി.
കേസിൽ അറസ്റ്റിലായ കോട്ടാങ്ങൽ പുളിമൂട്ടിൽ നസീറിനെ (നെയ്മോൻ – 39) കസ്റ്റഡിയിൽ വാങ്ങിയ അന്വേഷണസംഘം ഇന്നലെ റ്റിഞ്ചു മരിച്ചുകിടന്ന വീട്ടിലെത്തിയാണ് തെളിവെടുപ്പ് നടത്തിയത്.
നസീറിനെ കഴിഞ്ഞ ഒക്ടോബർ 23നാണ് അറസ്റ്റു ചെയതത്. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.
തെളിവെടുപ്പ് പൂർത്തീകരിക്കുന്നതിലേക്ക് പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണസംഘം നൽകിയ അപേക്ഷ കോടതി അംഗീകരിച്ച് ഇന്നലെയാണ് നസീറിനെ വിട്ടുകൊടുത്തത്.
അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ സി ബ്രാഞ്ച് ഡിവൈഎസ്പി ജെ. ഉമേഷ് കുമാറിന്റെ നേതൃത്വത്തിൽ നസീറിനെ കോട്ടാങ്ങലിൽ റ്റിഞ്ചുവിനെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട വീട്ടിലെത്തിച്ചു.
2019 ഡിസംബർ 15നാണ് റ്റിഞ്ചുവിനെ ഈ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൃത്യം നടത്തിയ രീതിയും മറ്റും അന്വേഷണസംഘത്തിന് പ്രതി വിവരിച്ചു കൊടുത്തു.
പോലീസ്, മെഡിക്കൽ സംഘങ്ങളുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച ഈ വീട്ടിൽ ഡമ്മി പരീക്ഷണം ഉൾപ്പെടെയുള്ള പരിശോധന നടത്തിയിരുന്നു.