പത്തനംതിട്ട: കോട്ടാങ്ങൽ ചുങ്കപ്പാറ മാപ്പൂര് വീട്ടിൽ റ്റിഞ്ചു മൈക്കിളിന്റെ ദുരുഹ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം വഴിമുട്ടിയതായി മാതാപിതാക്കൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.
കുളത്തൂർ സ്വദേശിയുമായി 2017 മേയ് എട്ടിന് റ്റിഞ്ചുവിന്റെ വിവാഹം കഴിഞ്ഞിരുന്നതാണ്.
എന്നാൽ കോട്ടാങ്ങൽ സ്വദേശിയായ റ്റിജിൻ ജോസഫ് റ്റിഞ്ചുവിനെ നിരന്തരം ഫോണിൽ വിളിച്ച് ശല്യം ചെയ്യുകയും 2019 ജൂലൈ ഒന്പതിന് അയാളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് റ്റിജിൻ. ഭാര്യ ഇയാളെ ഉപേക്ഷിച്ചു പോയതാണ്.
അഞ്ചുമാസത്തോളം റ്റിജിന്റെ വീട്ടിൽ കഴിഞ്ഞ റ്റിഞ്ചു ഇക്കാലയളവിൽ മാതാപിതാക്കളുമായി ബന്ധപ്പെടാൻ അനുവദിച്ചിരുന്നില്ല. പുഷ്പഗിരി ആശുപത്രിയിൽ നഴ്സുമായിരുന്നു. 2019 ഡിസംബർ 15നു റ്റിഞ്ചു തൂങ്ങിമരിച്ചുവെന്ന വാർത്തയാണ് തങ്ങൾ കേൾക്കുന്നതെന്ന് മാതാപിതാക്കൾ പറഞ്ഞു.
പെരുന്പെട്ടി പോലീസിൽ തങ്ങൾ നൽകിയ പരാതിയിലാണ് കേസെടുത്തതെന്ന് പിതാവ് മൈക്കിൾ പറഞ്ഞു. കേസ് അന്വേഷിച്ച പോലീസ് സബ് ഇൻസ്പെക്ടറെ ആരോപണ വിധേയനായ ആളെ ഉപദ്രവിച്ചുവെന്ന പേരിൽ സ്ഥലംമാറ്റി.പോലീസ് ഇൻസ്പെക്ടർ അനിൽ റാവുത്തറാണ് എസ്ഐയ്ക്കെതിരെ റിപ്പോർട്ട് നൽകിയതെന്നും മാതാപിതാക്കൾ ആരോപിച്ചു.
കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിനു പിന്നിൽ ഇൻസ്പെക്ടർക്കു പങ്കുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ റ്റിഞ്ചുവിന്റെ ശരീരഭാഗങ്ങളിലേറ്റ ക്ഷതം സംബന്ധിച്ച വ്യക്തമായ വിവരണങ്ങളുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി അന്നത്തെ പത്തനംതിട്ട പോലീസ് ചീഫ് കെ.ജി. സൈമണെ സമീപിച്ചതിനേ തുടർന്ന് കേസ് സി ബ്രാഞ്ച് ഡിവൈഎസ്പിയ്ക്കു വിട്ടിരുന്നു.
എന്നാൽ ഡിവൈഎസ്പി സുധാകരൻപിള്ള തങ്ങളെ ഭീഷണിപ്പെടുത്തുകയും കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയുമാണെന്ന് മാതാപിതാക്കൾ പറഞ്ഞു.ശരീരഭാഗങ്ങളിൽ ഇത്രയ ധികം മുറിവുകൾ ഉള്ളതിനാൽ പീഡനത്തിനും കൊലപാതകത്തിനും അടക്കം കേസെടുക്കാമെന്നിരിക്കേ ഇക്കാര്യത്തിൽ പോലീസ് കാട്ടുന്ന നിസംഗത ദുരൂഹമാണെന്ന് മൈക്കിൾ പറഞ്ഞു.