കോട്ടയം: ഒരു ഫിനിക്സ് പക്ഷിയെപോലെ വെല്ലുവിളികളെ അതിജീവിച്ചു പറന്നുയർന്ന റിറ്റോ മെറിൻ മാത്യു ഒടുവിൽ കൂട് ഉപേക്ഷിച്ച് ഉയരങ്ങളിലേക്കു ചിറകടിച്ചകന്നു.
നിറഞ്ഞ പുഞ്ചിരിയോടെയുള്ള മുഖം തന്റെ സുഹൃത്തുക്കളുടേയും സഹപ്രവർത്തകരുടെയും മനസിൽ പ്രതിഷ്ഠിച്ചാണ് റിറ്റോയും മഹാമാരിക്കു മുന്നിൽ കിഴടങ്ങിയത്.
“തളരാത്ത സേവന സന്നദ്ധതയോടെ, ഏവരോടും സമഭാവനയോടെ ഇടപെട്ടുകൊണ്ട് മികച്ച കാരിത്താസിയൻ എന്ന നിലയിൽ, സ്വന്തം പ്രവർത്തിപഥത്തിൽ അനുകരണീയമായ മാതൃകയായിരുന്നു റിറ്റോ’ എന്നാണു കോട്ടയം കാരിത്താസ് ആശുപത്രിയിലെ സഹപ്രവർത്തകർ സ്മരണാഞ്ജലികളിൽ കുറിച്ചിട്ടത്.
ആശുപത്രി ജീവനക്കാരിലും പരിചയക്കാരായ രോഗികളിലും ശുശ്രൂഷകരിലും തരളിതമായ ഇടപെടലിലൂടെ റിറ്റോ മനസിലിടം നേടി. കാരിത്താസ് ആശുപത്രിയിലെ ഡയറക്ടർ സെക്രട്ടറിയായി സേവനം അനുഷ്ടിച്ചു വരികയായിരുന്നു റിറ്റോ.
37 വർഷത്തെ തന്റെ വ്യക്തിജീവിതത്തിലുണ്ടായ എല്ലാ വെല്ലുവിളികളെയും മുറിവുകളെയും നിറഞ്ഞ പുഞ്ചിരിയോടും ധൈര്യത്തോടുമാണ് റിറ്റോ എതിരേറ്റത്.
2014ൽ കാൻസർ കോശങ്ങൾ ശരീരത്തിൽ പടർന്നിറങ്ങിയപ്പോൾ ധൈര്യത്തോടെ അതിനെ നേരിട്ടു. രോഗത്തോടു പടവെട്ടി പൂർണആരോഗ്യത്തോടെ റിറ്റോ ജീവിതത്തിലേക്കു തിരികെ എത്തി.
ജോലിയിടങ്ങളിൽ മുന്നിലെത്തിയ രോഗികളുടെ നിരാശയുള്ള കണ്ണുകളിലേക്കു താൻ അതിജീവിച്ചു വന്ന വഴികളിലെ വെളിച്ചം അവൾ പകർന്നു നൽകി.
നാളുകൾക്കു മുന്പ് വീണ്ടും കാൻസർ രോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടപ്പോഴും ആ നിറഞ്ഞ പുഞ്ചിരിയുള്ള മുഖം വാടിയില്ല. തിരികെവരും എന്ന ആർജവം ഓരോ നിമിഷവും റിറ്റോയ്ക്കുണ്ടായിരുന്നു.
പരിശോധനയിൽ കോവിഡ് ബാധിച്ചെന്നുള്ള തിരിച്ചറിവിൽ റിറ്റോയ്ക്കുവേണ്ടി വലിയൊരു സമൂഹം പ്രാർഥിച്ചുകൊണ്ടിരിക്കെയാണ് ഏവരേയും നൊന്പരപ്പെടുത്തിയുള്ള വിയോഗം.
കോട്ടയം സിഎംഎസ് കോളജ് പഠനകാലത്തെ തങ്ങളുടെ കൂട്ടുകാരിയുടെ ഓർമകൾ സമൂഹമാധ്യമങ്ങളിൽ കുറിച്ചിടുന്പോൾ ഒരുപാട് ഹൃദയങ്ങളിലാണ് റിറ്റോ കൂടുകൂട്ടിയിരുന്നത്.