ചിറ്റൂർ: കന്പാലത്തറയിൽ റോഡിലെത്തി ബൈക്കിലെത്തുന്ന ഏജന്റിന്റെ കൈയിൽനിന്നും പത്രം വാങ്ങി വീട്ടുടമയെ ഏല്പിക്കുന്ന വളർത്തുനായ ടിങ്കു നാട്ടുകാർക്ക് കൗതുകമാകുന്നു.
ഓട്ടോ മെക്കാനിക്കായ ബിജുവിന്റെ വീട്ടിലെ ഡാബർ ഇനത്തിൽപ്പെട്ട നായയാണ് ഈ കൗതുകക്കാഴ്ച്ച ഒരുക്കുന്നത്. ഇതുമാത്രമല്ല കാണികളെ അന്പരപ്പിക്കുന്ന ഒട്ടനവധി വിദ്യകളും ടിങ്കുവിന്റെ കൈവശമുണ്ട്.
രാവിലെ ഏഴരയ്ക്ക് പത്ര ഏജന്റ് ബഷീർ ഖാൻ റോഡിൽ നിന്നും ഹോണ് അടിച്ചാൽ വീട്ടിൽനിന്നും എഴുപതു മീറ്റർ അകലേയ്ക്ക് ഓടിയെത്തി പത്രം വാങ്ങി ബിജുവിന്റെ ഭാര്യ സംഗീതയുടെ കൈയിൽ നല്കും.
ചില ദിവസങ്ങളിൽ സമീപവാസിയായ മുഹമ്മദ് നായയുടെ പക്കൽനിന്നും വായനയ്ക്കായി പത്രം വാങ്ങും. എന്നാൽ കൂടുതൽ സമയം വായനയ്ക്ക് അനുവദിക്കാറില്ല. പത്രം തിരിച്ചു നല്കുന്നതിനായി നായ പ്രത്യേക ശബ്ദം പുറപ്പെടുവിക്കും.
ഇതു മനസിലാക്കി മുഹമ്മദ് പത്രം തിരികേ നല്കും. ബിജുവിന്റെ രണ്ടുമക്കളായ ആദിത്യൻ വിജയ്, ആരോമൽ വിജയ് എന്നിവരുമായാണ് ഏറെ ചങ്ങാത്തം. ഇരുവരും കളിക്കുന്നതിനിടെ പന്ത് ദൂരെപോയാൽ നായ പന്ത് എടുത്ത് തിരിച്ചെത്തി റഫറിയെപ്പോലെ ഇരുവരും നില്ക്കുന്നതിന്റെ മധ്യഭാഗത്തിരിക്കും.
ടിങ്കു എന്നുവിളിപ്പേരുള്ള വളർത്തുനായക്ക് പത്തുമാസം പ്രായം. ബിജുവിന്റെ സുഹൃത്തിന്റെ സങ്കരയിനത്തിൽ പ്രസവിച്ച മൂന്നു കുട്ടികളിൽ ഒന്നാണിത്. ഒരു മാസം പ്രായമുള്ളപ്പോഴാണ് നായയെ സുഹൃത്തിൽ നിന്നും വാങ്ങിയത്.
നായയുടെ ഭക്ഷണകാര്യത്തിലും വ്യത്യസ്ഥതയുണ്ട്. പച്ച മാംസമോ, മീൻവേസ്റ്റോ തിന്നാറില്ല. വേവിച്ച മുട്ടയും ചോറുമാണ് പതിവായുള്ള ആഹാരം.
വീട്ടിൽ വയ്ക്കുന്പോൾ വേവിച്ച ഇറച്ചിയും നല്കും. സംഗീത വീടിനു പിറകിൽ ജോലി ചെയ്യുന്പോൾ മുൻവശത്ത് ആരെങ്കിലും വന്നാൽ പിന്നിലെത്തി കൈയോടെ മുന്നിൽ കൊണ്ടുവരും. രാത്രി കിടക്കാൻ ടിങ്കുവിനു ബെഡ് നല്കിയിട്ടുണ്ട്.
രാവിലെ വീട്ടുകാർ എഴുന്നേല്ക്കുന്നതിനുമുന്പ് തന്നെ ബെഡ്ഷീറ്റ് വാതിലിനു മുന്നിൽ നിന്നും എടുത്തുമാറ്റും.