മുക്കം: ലോക്ക്ഡൗൺ കാലയളവ് വെറുതെയിരിക്കാനുള്ളതല്ല, മറിച്ച് അത് ക്രിയാത്മകമായി ഉപയോഗിക്കാനുള്ളതാണെന്ന് തെളിയിച്ച് വ്യത്യസ്തനാവുകയാണ് ടിൻസ് എം തോമസ് എന്ന യുവാവ്.
പലതരത്തിലുള്ള അമ്പും വില്ലും നിർമിച്ചാണ് ഇദ്ദേഹം ശ്രദ്ധേയനാവുന്നത്. സ്പോർട്സ് താരങ്ങൾ ഉപയോഗിക്കുന്ന അമ്പും വില്ലും, ഒരേസമയം മൂന്ന് അമ്പുകൾ ചെയ്യാവുന്ന ഊത്തമ്പ്, പണ്ടുകാലത്ത് ആദിവാസികൾ മീൻ പിടിക്കാൻ ഉപയോഗിച്ചിരുന്ന പറങ്കി പാത്തി ഫിഷിംഗ് ഗൺ എന്നിവ ഇതിനോടകം പാച്ചു എന്ന് നാട്ടുകാർ സ്നേഹപൂർവം വിളിക്കുന്ന ടിൻസ് നിർമിച്ചിട്ടുണ്ട്.
വീടുകളിലും സ്ഥാപനങ്ങളിലുമൊക്കെ ചെറിയ പൂന്തോട്ടങ്ങൾ നിർമിച്ചു നൽകലായിരുന്നു ടിൻസിന്റെ വരുമാനമാർഗം. എന്നാൽ ലോക്ക്ഡൗൺ മൂലം ജോലിയില്ലാതെ വീട്ടിലിരിക്കുന്ന സമയത്താണ് പഴശിരാജ, ബാഹുബലി പോലുള്ള സിനിമകൾ കാണാൻ ഇടയായത്.
സിനിമയിൽ അമ്പും വില്ലും ഉപയോഗിക്കുന്നത് കണ്ടപ്പോൾ തനിക്കും അതുപോലെ ഉണ്ടാക്കിയാലോ എന്ന ആശയം ഉടലെടുത്തതോടെ പിന്നീട് അതിനായുള്ള കഠിന ശ്രമങ്ങളായിരുന്നു.
ആദ്യമൊക്കെ സംഗതി പരാജയമായെങ്കിലും പലരിൽ നിന്നും ചോദിച്ചറിഞ്ഞും യൂട്യൂബിൽ നിന്ന് കണ്ടുമൊക്കെ നിർമാണം തുടങ്ങി. ഇപ്പോൾ ടിൻസിന്റെ വീട്ടിൽ പലതരത്തിലുള്ള അമ്പും വില്ലുകളുമുണ്ട്.
വെറുതെ അമ്പും വില്ലും നിർമിക്കുക മാത്രമല്ല ടിൻസ് ചെയ്തത്. ഉണ്ടാക്കിയ എല്ലാ വില്ലുകളുടേയും കൃത്യത പരിശോധിക്കുന്നതിന് വേണ്ടി അമ്പെയ് ത്തും പഠിച്ചു. ഇപ്പോൾ 30 മീറ്റർ മുതൽ 50 മീറ്റർ വരെ വളരെ കൃത്യമായി അമ്പെയ്യാൻ ടിൻസിന് സാധിക്കുന്നുണ്ട്.
വീട്ടി, കമുക്, മുള എന്നിവ ഉപയോഗിച്ചാണ് നിർമാണം. ലോക്ക് ചെയ്യുന്ന വട്ടും കാഞ്ചിയും പോത്തിന്റെ കൊമ്പ് കൊണ്ടാണ് നിർമിക്കുന്നത്. ഫിനിഷിംഗിൽ പണി പൂർത്തിയാവാൻ നാല് ദിവസമെടുക്കും.
2000 രൂപ മുതൽ 15,000 രൂപക്ക് വരേയാണ് ടിൻസ് അമ്പുകൾ നിർമിച്ചു നൽകുന്നത്. മൂന്നായി മടക്കി എവിടേക്കും കൊണ്ടുപോകാൻ കഴിയുന്ന ഫോൾഡബിൾ അമ്പും വില്ലും വരെ ടിൻസ് നിർമിച്ചിട്ടുണ്ട്.