കുമരകം: കുമരകത്ത് കായൽ യാത്രക്കെത്തിയ വീട്ടമ്മയെ ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് കുമരകത്തെ കമ്മ്യുണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും ഡോക്ടർമാരില്ലാത്തതിനാൽ ചികിത്സ ലഭിച്ചില്ല. തുടർന്ന് കോട്ടയം ടൗണിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാഞ്ഞിരപ്പള്ളി സ്വദേശിനിയായ ടിന്റു(36) ആണ് യഥാസമയം ചികിത്സ ലഭിക്കാതെ മരിച്ചത്. ഇന്നലെ ചീപ്പുങ്കലിൽ നിന്നും ഹൗസ് ബോട്ടിൽ കായൽ സവാരിക്ക് പോയ സംഘത്തിലെ വീട്ടമ്മക്ക് രാത്രി 10.30ന് ശ്വാസംമുട്ടൽ അനുഭവപ്പെട്ടത്.
ഉടൻ തന്നെ സംഘത്തിലുണ്ടായിരുന്നവരും ബോട്ട് ജീവനക്കാരും ചേർന്ന് വീട്ടമ്മയെ കുമരകം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെത്തിച്ചു. എന്നാൽ രാത്രിയിൽ ഡോക്ടറുടെ സേവനം ഇവിടെ ലഭ്യമല്ലാത്തതിനെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ആശുപത്രിയിൽ എത്തിക്കുന്നതിന് മുന്പുതന്നെ മരണപ്പെട്ടു. വിനോദ സഞ്ചാര കേന്ദ്രമായ കുമരകം കമ്മ്യുണിറ്റി ഹെൽത്ത് സെന്ററിൽ രാത്രിയിലും പകലും ഡോക്ടർമാരെ നിയമിക്കണമെന്ന് നാട്ടുകാരുടെ ആവശ്യം നടപ്പാക്കാത്തതിനാലാണ് വീട്ടമ്മക്ക് ജീവൻ നഷ്ടപ്പെട്ടതെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു.