സുവര്‍ണ മോഹങ്ങള്‍ വെയിലേറ്റു വാടി രാജ്യാന്തര താരം ടിന്റു ലൂക്ക ട്രാക്കില്‍ കുഴഞ്ഞു വീണപ്പോള്‍ ലോംഗ് ജംപില്‍ കുതിച്ചു ചാടി മലയാളി താരം നയന ജയിംസ് സ്വര്‍ണ മെഡലണിഞ്ഞു. പട്യാലയിലെ കൊടും ചൂടില്‍ പിടിച്ചു നില്‍ക്കാനാകാതെയാണ് ഫെഡറേഷന് കപ്പ് സീനിയര്‍ അത്ലറ്റിക് മീറ്റിന്റെ രണ്ടാം ദിവസം അര്‍ജുന അവാര്‍ഡ് ജേതാവ് ടിന്റു ലൂക്ക കുഴഞ്ഞു വീണത്. വനിതകളുടെ 800 മീറ്ററില്‍ മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന ഏഷ്യന്‍ ചാമ്പ്യന്‍ കൂടിയായ ടിന്റു മത്സരത്തിന്റെ ആദ്യ ലാപ്പില്‍ 350 മീറ്റര്‍ പിന്നിടുമ്പോഴേക്കും ട്രാക്കില്‍ കുഴഞ്ഞു വീഴുകയായിരുന്നു.
ടിന്റുവിനു പിന്നാലെ 800 മീറ്ററില്‍ പങ്കെടുത്ത രണ്ടു താരങ്ങള്‍ക്കു കൂടി ഓട്ടം പൂര്‍ത്തിയാക്കാനായില്ല. ഡല്‍ഹിയുടെ മോണിക്ക ചൗധരി, തമിഴ്നാടിന്റെ ഗോമതി മാരിമുത്തു എന്നിവരാണ് മത്സരം പൂര്‍ത്തിയാക്കാനാകാതെ പിന്‍വാങ്ങിയത്. മത്സരങ്ങള്‍ നടക്കുമ്പോള്‍ 40 ഡിഗ്രിക്കു മുകളിലായിരുന്നു പട്യാലയിലെ ചൂട്. വനിതകളുടെ 20 കിലോമീറ്റര്‍ നടത്തത്തില്‍ പഞ്ചാബിന്റെ കരംജീത് കൗര്‍ സ്വര്‍ണം നേടി. മലയാളി താരം ബി. സൗമ്യയാണു രണ്ടാംസ്ഥാനത്ത്.
കണ്ണില്‍ ഇരുട്ടുകയറി ടിന്റു
പട്യാലയിലെ കടുത്ത ചൂടാണ് ടിന്റുവിനെ വീഴ്ത്തിയത്. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ശ്വാസതടസം നേരിട്ടിരുന്നു. ചൂട് തലയ്ക്കടിച്ച് തന്റെ കണ്ണില്‍ ഇരുട്ടു കയറിയതു പോലെയായിരുന്നു എന്നാണ് ടിന്റു പറഞ്ഞത്.
ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ ഷിപ്പിനുള്ള പ്രധാന യോഗ്യതാ മത്സരമായിരുന്നു ഫെഡറേഷന് കപ്പ് സീനിയര്‍ അത്ലറ്റിക് മീറ്റ് എങ്കിലും ദേശീയ ചാമ്പ്യനായ ടിന്റുവിന്റെ ഏഷ്യന്‍ മോഹങ്ങള്‍ക്ക് വീഴ്ച തടസമാകില്ല. 800 മീറ്ററില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള അര്‍ച്ചന ആധവ് (2:05.66) സ്വര്‍ണം നേടി.
800ല്‍ മലയാളിത്തിളക്കം
800 മീറ്റര്‍ പുരുഷ വിഭാഗത്തില്‍ ഡല്‍ഹി മലയാളിയായ അമോജ് ജേക്കബ് സ്വര്‍ണം നേടി. 1:50.54 എന്ന സമയത്താണ് അമോജ് ഫിനിഷ് ചെയ്തത്. കോട്ടയം രാമപുരം സ്വദേശിയാണ് അമോജ്. ജൂണിയര്‍ ഏഷ്യന്‍ മീറ്റിലും 800 മീറ്ററില്‍ അമോജ് സ്വര്‍ണം നേടിയിരുന്നു. മലയാളി താരവും ഒളിമ്പ്യനുമായ ജിന്സൺ ജോണ്‍സണാണ് ( 1:50.83 ) 800 മീറ്ററില്‍ രണ്ടാമതെത്തിയത്. 800 മീറ്റര്‍ ഫൈനലില്‍ മത്സരിച്ച എട്ടു പേരില്‍ നാലും മലയാളികളായിരുന്നു.
മലയാളിക്കുതിപ്പിനു സ്വര്‍ണം
വനിതകളുടെ ലോംഗ് ജംപില്‍ മലയാളി താരം നയന ജയിംസ് സ്വര്‍ണം നേടി. 6.55 മീറ്റര്‍ ചാടിയാണ് നയന സ്വര്‍ണം കരസ്ഥമാക്കിയത്. കോഴിക്കോട് ചക്കിട്ടപാറ സ്വദേശിയാണ് നയന. 6.31 മീറ്റര്‍ ചാടിയ മലയാളി താരം വി. നീനയ്ക്കാണ് രണ്ടാം സ്ഥാനം. പുരുഷ വിഭാഗം ലോംഗ് ജംപില്‍ മധ്യപ്രദേശില്‍ നിന്നുള്ള അങ്കിത് ശര്‍മ സ്വര്‍ണം നേടി. 7.80 മീറ്റര്‍ ചാടിയ അങ്കിതിന്റെ പേരിലായിരുന്നു ദേശീയ റിക്കാര്‍ഡ്. 7. 67 കണ്ടെത്തിയ മംഗലാപുരം സുള്ള്യ സ്വദേശിയും മലയാളിയുമായ എസ്.ഇ. ഷംസീറിനാണ് രണ്ടാം സ്ഥാനം.
റിക്കാര്‍ഡിട്ട് ശിവ
പുരുഷ വിഭാഗം പോള്‍വോള്‍ട്ടില്‍ തമിഴ്നാട്ടില്‍ നിന്നുള്ള എസ്. ശിവ ദേശീയ റിക്കാര്‍ഡ് നേടി. 5.14 ഉയരത്തില്‍ ചാടിയ ശിവ 2012ല്‍ മലയാളി താരം കെ.പി. ബിമിന്റെ പേരിലുള്ള 5.13ന്റെ ദേശീയ റിക്കാര്‍ഡാണ് പട്യാലയില്‍ ശിവ തിരുത്തിയത്. പട്യാലയിലെ മത്സരത്തില്‍ ബിമിന് പന്ത്രണ്ടാം സ്ഥാനത്തേക്കു തള്ളപ്പെട്ടു. പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ പഞ്ചാബ് താരം തജീന്ദര്‍പാല്‍ സിംഗ് സ്വര്‍ണം നേടി. പുരുഷ വിഭാഗം ജാവലിന്‍ ത്രോയില്‍ ദേശീയ റിക്കാര്‍ഡിന് ഉടമയായ ഹരിയാനയുടെ നീരജ് ചോപ്ര സ്വര്‍ണം നേടി മീറ്റ് റിക്കാര്‍ഡ് തകര്‍ത്തു. 85.63 ദൂരം എറിഞ്ഞ നീരജ് 2016ലെ മീറ്റ് റിക്കാര്‍ഡാണ് മറികടന്നത്.
മലയാളി താരം കെ.ടി. ഇര്ഫാന് പങ്കെടുക്കുന്ന പുരുഷ വിഭാഗം 20 കിലോമീറ്റര്‍ നടത്തം ഉള്‍പ്പടെ ഇന്ന് എട്ട് ഫൈനലുകളാണ് നടക്കുന്നത്.
പട്യാലയില്‍ നിന്ന് സെബി മാത്യു