തിരുവനന്തപുരം: കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമിന്റെ കോച്ചായി മുൻ ഇന്ത്യൻ താരം ടിനു യോഹന്നാനെ തെരഞ്ഞെടുത്തു. ഓണ്‍ലൈനിൽ നടന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം. ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയുമായുള്ള കൂടിയാലോചനയ്ക്ക് ശേഷമാണ് തീരുമാനം എടുത്തത്.
2001 -ൽ ഇന്ത്യൻ ടീമിലേക്ക് സെലക്ട് ചെയ്യപ്പെട്ട ടിനു മൂന്നു ടെസ്റ്റ് മത്സരങ്ങളിലും മൂന്നു ഏകദിനങ്ങളിലും ഇന്ത്യക്ക് വേണ്ടി പാഡണിഞ്ഞിട്ടുണ്ട്. ഇന്ത്യൻ ലോംഗ് ജംപ് താരമായിരുന്ന ടി.സി. യോഹന്നാന്റെ പുത്രനാണ് ടിനു. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെത്തിയ ആദ്യമലയാളി എന്ന ബഹുമതിക്ക് ഉടമയാണു ടിനു.
സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഇന്നലെ ചേർന്ന ഹൈ പെർഫോമൻസ് സെന്റർ തുറക്കാനും ജനറൽ ബോഡി തീരുമാനിച്ചു. അന്തർ ജില്ലാ, സോണ്‍, ലീഗ് മത്സരങ്ങൾ പുനഃക്രമീകരിക്കാൻ ഭാരവാഹികളെ ചുമതലപ്പെടുത്തി.
കോവിഡ് -19ന്റെ പശ്ചാത്തലത്തിൽ കാസർഗോഡ്, കോഴിക്കോട്, പാലക്കാട്, മലപ്പുറം, പത്തനംതിട്ട ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ തെരഞ്ഞെടുപ്പ് ജില്ലാ ലീഗ് മത്സരങ്ങൾ നടത്തിയതിനു ശേഷം നടത്താൻ തീരുമാനിച്ചു. ഈ ജില്ലകളിൽ നിലവിൽ ഉള്ള ഭാരവാഹികളും എക്സിക്യൂട്ടീവ് കമ്മിറ്റിയും അടുത്ത ഇലക്ഷൻ വരെ തുടരും.