കോട്ടയം: മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽനിന്ന് രക്ഷ നേടാൻ വാട്സ് ആപ്പ് ഗ്രൂപ്പ് ആരംഭിച്ചെങ്കിലും ടിപ്പർ, ടോറസ് ഡ്രൈവർമാർക്കു രക്ഷയില്ല.
കഴിഞ്ഞ രണ്ടു ദിവസമായി പോലീസ് റോഡിലേക്കിറങ്ങിയപ്പോൾ നിയമലംഘനം നടത്തിയ 84 ലോറികളാണു പിടികൂടിയത്. 1988 മോട്ടോർ വാഹന വകുപ്പ് നിയമം 115-ാം വകുപ്പ് പ്രകാരം ടിപ്പറുകളുടെ ഓട്ടത്തിന് രാവിലെ 8.30 മുതൽ 9.30വരെയും ഉച്ചകഴിഞ്ഞ് 3.30 മുതൽ 4.30 വരെയുമുള്ള സ്കൂൾ സമയങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതാണ്.
കോട്ടയം ജില്ലയിൽ ആരംഭിച്ച ഓപ്പറേഷൻ റെയിൻബോയുടെ ഭാഗമായാണു ടിപ്പറുകളുടെ നിയമ ലംഘനത്തിനെതിരെ നടപടി ആരംഭിച്ചതെന്നു ജില്ലാ പോലീസ് മേധാവി ഹരിശങ്കർ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സബ് ഡിവിഷനുകളിലും കഴിഞ്ഞ രണ്ടു ദിവസമായി നടത്തിയ പരിശോധനയിലാണ് 84 ടിപ്പറുകൾ പിടികൂടിയത്.
കഴിഞ്ഞ ദിവസം അയർക്കുന്നത്തു ചേർന്ന ടിപ്പർ ടോറസ് ഡ്രൈവർമാരുടെ യോഗത്തിലാണു പുതിയ വാട്സ് ആപ്പ് ഗ്രൂപ്പിനു രൂപം നൽകിയത്. ഡ്രൈവർമാർക്കും ഉദ്യോഗസ്ഥരുടെ പരിശോധന വിവരം കൈമാറുന്നതിനു വേണ്ടിയും മറ്റുനിർദേശങ്ങൾ നൽകുന്നതിനുമാണു വാട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിരിക്കുന്നത്.
മോട്ടാർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ഓഫീസിൽ നിന്നിറങ്ങുന്പോൾ മുതൽ ഏതുവഴിക്കാണു വണ്ടി പോകുന്നതെന്ന വിവരം ഗ്രൂപ്പിൽ അപ്പോൾ തന്നെ പോസ്റ്റു ചെയ്യും. ഇതിനായി ടിപ്പർ മുതലാളിമാർ ബൈക്കിൽ കറങ്ങുവാൻ രണ്ടു പേരെ നിയോഗിച്ചിട്ടുണ്ട്. ഇവർ രാവിലെ മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസിനു സമീപമെത്തും . വാഹനം കളക്ടറേറ്റിൽനിന്നും പുറപ്പെടുന്പോൾ തന്നെ വണ്ടി പുറപ്പെട്ടു. ഇന്ന വഴിക്കാണ് എന്ന ആദ്യ സന്ദേശം ഗ്രൂപ്പിൽ എത്തും.
വാട്സ് ആപ്പ് ഗ്രൂപ്പ് പ്രവർത്തനമൊന്നും കഴിഞ്ഞ ദിവസത്തെ പോലീസ് പരിശോധനയിൽ ഫലം കണ്ടില്ല. പോലീസ് തലങ്ങും വിലങ്ങും പരിശോധനയ്ക്ക് എത്തിയപ്പോഴേക്കും വാട്സ് ആപ്പ് ഗ്രൂപ്പ് നിർജീവമായി. പരിശോധന നടക്കുന്ന സ്ഥലങ്ങൾ വാട്സ് ആപ്പ് ഗ്രൂപ്പിൽ രേഖപ്പെടുത്തുകയും ഇതു കാണുന്ന ടിപ്പർ ഡ്രൈവർമാർ ടിപ്പറുകൾ വഴി മാറ്റി ഓടിക്കും. ഇങ്ങനെയാണ് ഉദ്യോഗസ്ഥരിൽനിന്ന് രക്ഷപ്പെടുന്നത്.
വഴിയിൽ നിർത്തിയിട്ടു പരിശോധിക്കുന്നുണ്ടോയെന്നു നോക്കുവാൻ മറ്റൊരു സംഘം റോഡുകളിൽ കൂടി റോന്തു ചുറ്റുന്നുണ്ട്. ഇവർ വഴികളിൽ നിർത്തിയിട്ടുള്ള പരിശോധനാ വിവരം പോസ്റ്റു ചെയ്യും. ഈ സമയങ്ങളിൽ പരിശോധന നടക്കുന്ന വഴികളിൽ കൂടി ടിപ്പറുകൾ പോകില്ല.
വാഹന പരിശോധന അവസാനിക്കുന്പോൾ തന്നെ വിവരം സംഘം ഗ്രൂപ്പിൽ അറിയിക്കും. ഗ്രൂപ്പ് രൂപീകരിച്ച് ഇങ്ങനെയുള്ള പ്രവർത്തനം ആരംഭിച്ചതോടെ പരിശോധകളിൽനിന്ന് രക്ഷപ്പെടാൻ സാധിക്കുന്നതായാണ് ടിപ്പർ ഡ്രൈവർമാർ വ്യക്തമാക്കുന്നത്. എന്നാൽ പോലീസിന്റെ കൂടുതൽ സംഘം റോഡിലേക്ക് ഇറങ്ങിയപ്പോൾ ടിപ്പർ ഡ്രൈവർമാർക്ക് ഒന്നും ചെയ്യാനായില്ല.
അടുത്ത ദിവസം വീണ്ടും യോഗം ചേർന്ന് വാട്സ് ആപ്പ് ഗ്രൂപ്പ് പ്രവർത്തനം കൂടുതൽ സജീവമാക്കാനുള്ള തയാറെടുപ്പിലാണ് ടിപ്പർ ഡ്രൈവർമാർ. അതേസമയം ടിപ്പർ ഡ്രൈവർമാർ ചേർന്ന് രൂപീകരിച്ച വാട്സ് ആപ്പ് ഗ്രൂപ്പിന്റെ പ്രവർത്തനം സൈബർ സെല്ലുമായി ചേർന്ന് നിരീക്ഷിക്കുമെന്നും നിയമലംഘനം നടത്തുന്ന ടിപ്പറുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.