പത്തനംതിട്ട: ജില്ലയിലെ നിരത്തുകളിൽ ടിപ്പർ, ടോറസ് ലോറികൾ മരണവണ്ടികളായി മാറുന്നു. ഇന്നലെ രണ്ടുപേരാണ് ഇവയുടെ അടിയിൽപെട്ട് മരിച്ചത്.
അമിതവേഗവും അശ്രദ്ധയും കാരണം ടിപ്പർ, ടോറസ് ലോറികൾ മൂലമുണ്ടാകുന്ന അപകടങ്ങളുടെ എണ്ണവും കൂടി. രാപകൽഭേദമെന്യെ നിരത്തുകൾ കൈയടക്കുകയാണ് ടിപ്പറുകൾ.
ഇന്നലെ പുലർച്ചെ മല്ലപ്പള്ളി – പൂവനാൽക്കടവ് – ചെറുകോൽപ്പുഴ റോഡിൽ എഴുമറ്റൂർ മാക്കാട്ട്പടിയിൽ കാൽനടയാത്രക്കാരനായ തൊഴിലാളിയെ ഇടിച്ചുതെറിപ്പിച്ച് ടിപ്പർ വീട്ടുമുറ്റത്തേക്കു മറിയുകയായിരുന്നു. അപകടമുണ്ടായ ടിപ്പറിനടയിൽ ആൾപെട്ട വിവരം പുറംലോകം അറിഞ്ഞത് മണിക്കൂറുകൾക്കുശേഷം.
പുലർച്ചെയാണ് അപകടമുണ്ടായതെങ്കിലും ടിപ്പറിനടിയിൽ ഒരാൾ മരിച്ചുകിടക്കുന്നവിവരം അറിഞ്ഞത് ഏറെ വൈകിയാണ്. രാവിലെ റാന്നി – കോഴഞ്ചേരി റോഡിൽ കിളിയാനിക്കൽ വളവിൽ അമിതവേഗത്തിലെത്തിയ ടോറസ് കാൽനട യാത്രക്കാരന്റെ ദേഹത്തേക്കാണ് മറിഞ്ഞത്.
മണ്ണു കയറ്റി അമിതവേഗത്തിൽ വന്ന ടോറസ് വളവിൽ നിയന്ത്രണം വിട്ടു മറിഞ്ഞുവെങ്കിലും കാൽനട യാത്രക്കാരൻ ഇതിനടിയിൽപെട്ട വിവരം പുറംലോകം അറിയാൻ തന്നെ വൈകി. രാവിലെ 7.30ഓടെയാണ് അപകടമുണ്ടായതെങ്കിലും ഇതിനടിയിൽപെട്ട വഴിയാത്രക്കാരനെ പത്തോടെയാണ് പുറത്തെടുത്തത്.
ഇന്നലെ ഉണ്ടായ രണ്ട് അപകടങ്ങളിലും വാഹനത്തിനടിയിൽ കാൽനടയാത്രക്കാർ പെട്ട വിവരം ഡ്രൈവർമാർ പോലും അറിഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്. എന്നാൽ ഇക്കാര്യം ഡ്രൈവർമാർ മറച്ചുപിടിച്ചതാകാമെന്ന സംശയം പോലീസിനുണ്ട്.
ചെറുകോൽ അപകടത്തിൽ വാഹനം ഓടിച്ചയാളിന്റെ മേൽവിലാസം പോലും വൈകുന്നേരംവരെ പോലീസിൽ എത്തിയിട്ടില്ല. പരിക്കേറ്റ ഡ്രൈവറെ ആദ്യം കോഴഞ്ചേരിയിലും പിന്നീട് തിരുവല്ലയിലും ആശുപത്രിയിലാക്കിയതായി പറയുന്നു.
പുതിയ മോട്ടോർവാഹന നിയമപ്രകാരമാണ് കേസെടുക്കുന്നതെന്ന് പോലീസ് പറഞ്ഞു. വാഹനം ഓടിച്ചിരുന്നയാൾക്കെതിരെ നരഹത്യയ്ക്കു കേസെടുത്ത് ലൈസൻസ് സസ്പെൻഡ് ചെയ്യും.
അമിതലോഡും അമിതവേഗവുമാണ് ടിപ്പറുകളും ടോറസുകളും ഭീഷണിയായി മാറാൻ കാരണം. പ്രധാന റോഡുകളെല്ലാം ഉന്നതനിലവാരത്തിൽ ടാറിംഗ് പൂർത്തീകരിച്ചതോടെ ഇവയുടെ വേഗവും വർധിച്ചു.
നിരത്തുകളിൽ വാഹനപരിശോധനയ്ക്കെത്തുന്ന പോലീസ്, മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ അമിതലോഡിനും അമിതവേഗത്തിനുമൊക്കെ പിഴ ഈടാക്കുമെങ്കിലും ഒരുദിവസം ഒരു പിഴ എന്ന കണക്കിൽ ഇവർ രക്ഷപെടുന്നു.
ഒരിക്കൽ പിഴ അടച്ചുകഴിഞ്ഞാൽ പിന്നെ ഓട്ടത്തിന് യാതൊരു നിയന്ത്രണവുമുണ്ടാകാറില്ല. വളവുകൾ നിറഞ്ഞ പാതകളിൽപോലും യാതൊരു നിയന്ത്രണവുമില്ലാതെയാണ് യാത്ര. പല റോഡുകളും മെച്ചപ്പെട്ട നിലയിൽ ടാറിംഗ് നടത്തിയപ്പോഴും വീതി കൂട്ടിയിട്ടില്ല.
ഇത്തരം റോഡുകളിൽ ടിപ്പറുകളും ടോറസുകളും വഴിയാത്രക്കാർ, ഇരുചക്രവാഹനയാത്രക്കാർ ഇവർക്ക് ഭീഷണിയാണ്. മിക്ക ലോഡ് വാഹനങ്ങളിലും ഡ്രൈവർമാർ മൊബൈൽ ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് പതിവുകാഴ്ചയാണ്.
പോലീസ് പരിശോധന ഉൾപ്പെടെയുള്ള വിവരങ്ങൾ കൃത്യമായി മറ്റു വാഹനങ്ങൾക്ക് കൈമാറിയാണ് ഇവരുടെ യാത്ര. രാപകൽ ഭേദമെന്യേയാണ് ഇവയുടെ യാത്രയെന്നതും റോഡുകളിൽ മരണഭീതി വർധിപ്പിക്കുന്നു.