കോട്ടയം: ടിപ്പർ ലോറികൾ വീണ്ടും നിരത്തുകളിൽ കീഴടക്കി മരണപ്പാച്ചിൽ നടത്തുന്നു. നിയമങ്ങൾ കാറ്റിൽപറത്തിയുള്ള പാച്ചിലിൽ ജില്ലയിൽ ഇന്നലെ പൊലിഞ്ഞത് രണ്ടു ജീവനുകൾ. കോട്ടയം കുടയംപടിയിൽ ദിശതെറ്റിയെത്തിയ ടിപ്പറിടിച്ച് കണ്സ്ട്രക്ഷൻ കന്പനി എൻജിനിയർ അയ്മനം വല്യാട് ചേപ്പേഴത്ത് മാത്യുവിന്റെ മകൻ ജിബിൻ മാത്യു(26), ചങ്ങനാശേരിയിൽ പിതാവിനൊടൊപ്പം ബൈക്കിൽ യാത്രചെയ്ത കോട്ടയം ഗിരിദീപം കോളജിലെ ബിസിഎ വിദ്യാർഥിനി കുമരങ്കരി വാലടി കാട്ടടി പുളിവേലിൽ മാത്യുവിന്റെ മകൾ ടിനു (19) എന്നി വരാണ് മരിച്ചത്.
കോട്ടയം ജില്ലയിലെ പ്രധാന റോഡുകളും ഗ്രാമപ്രദേശങ്ങളിലെ റോഡുകളും കീഴടക്കിയാണ് ടിപ്പറുകൾ പായുന്നത്.
ടോറസ്, ടിപ്പർ ലോറി തുടങ്ങയവയ്ക്ക് രാവിലെ ഒന്പതു മുതൽ 10 വരെയും വൈകുന്നേരം നാലു മുതൽ അഞ്ചു വരെയും നിരത്തുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഈ നിയമം പലപ്പോഴും പാലിക്കപ്പെടാറില്ല. ഇത്തരം നിയമങ്ങൾ കാറ്റിൽ പറത്തി ഗ്രാമപ്രദേശങ്ങളിലെ റോഡുകൾ വഴിയാണ് ടിപ്പർ ലോറികൾ പായുന്നത്. ഇതോടെ ഗ്രാമപ്രദേശങ്ങളിലെ റോഡു കളെല്ലാം തകർന്നു.
ജില്ലയിലെ വിവിധ സ്കൂളുകൾക്ക് സമീപവും പ്രധാനപ്പെട്ട റോഡരികിലും ടിപ്പർ ലോറികൾ കൂട്ടമായി പാർക്ക് ചെയ്യുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു. റോഡിന്റെ പകുതിയോളം സ്ഥലം കയ്യടക്കിയാണ് ടിപ്പറുകളും ടോറസ് ലോറികളും പാർക്ക് ചെയ്യുന്നത്. മണ്ണും മണലും കരിങ്കല്ലും കയറ്റിയ ടിപ്പറുകളുടെ മുകൾഭാഗം ഷീറ്റ് ഉപയോഗിച്ച് മൂടണമെന്ന നിയമവും പലപ്പോഴും പാലിക്കപ്പെടാറില്ല. ജില്ലയിലെ വീതി കുറഞ്ഞ റോഡുകളിൽ പോലും അമിതവേഗത്തിലാണ് ടിപ്പറുകൾ പായുന്നത്. ടിപ്പർ ഓടിക്കുന്ന ഡ്രൈവർമാർക്ക് ട്രിപ്പിനനുസരിച്ച് കൂലി നൽകു ന്നതാണ് അമിതവേഗത്തിന് പ്രധാനകാരണം. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ പുലർച്ചെ മുതൽ തുടങ്ങുന്ന ടിപ്പറുകളുടെയും ടോറസുകളുടെയും മരണപ്പാച്ചിൽ രാത്രി വൈകിയാണ് അവസാനിക്കുന്നത്.
മണ്ണും കല്ലുമായി മരണപ്പാച്ചിൽ നടത്തുന്ന ടിപ്പർ ലോറികൾ സ്കൂൾ വിദ്യാർഥികൾക്കും വഴിയാത്രക്കാർക്കും വൻ ഭീഷണിയാണ് സൃഷ്്ടിക്കുന്നത്. ഹെൽമെറ്റ് പരിശോധനയുടെ പേരിൽ ഇരുചക്രവാഹനങ്ങൾക്കു നേരെയും സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് കാർ യാത്രക്കാരെയും വിരട്ടുന്ന പൊലീസ്, മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ കൊലവിളിയുമായി പാഞ്ഞുവരുന്ന ടിപ്പറുകളുടെ മുന്നിൽ കണ്ണടയ്ക്കുകയാണ്. നിയന്ത്രണം ലംഘിക്കുന്ന ടിപ്പറുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ചീറിപ്പായുന്ന ടിപ്പറുകളും ടോറസുകളും വഴിയാത്രക്കാർക്കും ചെറുവാഹനങ്ങൾക്കും പേടി സ്വപ്നമാണ്. പൊലീസ് എണ്ണം തികയ്ക്കാൻമാത്രം പരിശോധന നടത്തുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ടിപ്പറുകളിലും ടോറസുകളിലും ഡ്രൈവർമാരായി എത്തുന്ന ചെറുപ്പക്കാർക്ക് പലരും അമിത വേഗത്തിലും അശ്രദ്ധയോടെയുമാണ് വാഹനം ഓടിക്കുന്നത്. ഇത്തരം ഡ്രൈവർമാർക്ക് ഹെവിലൈസൻസുകളുണ്ടോയെന്നത് പരിശോധിക്കണമെന്ന്് നാട്ടുകാർ പറയുന്നു. ടിപ്പറുകളിൽ വേഗപ്പൂട്ട് ഘടിപ്പിക്കുകയും അമിതവേഗത്തിനെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്താൽ മാത്രമേ കൊലവിളിക്ക് ഒരറുതി വരുകയുള്ളൂവെന്നാണ് നാട്ടുകാരുടെ നിർദേശം.