കോട്ടയം: ടിപ്പറുകളുടെ മരണപ്പാച്ചിലിനിടയിൽ ജീവൻ പണയംവെച്ചു കാൽനടയാത്രക്കാരും ഇരുചക്രവാഹനങ്ങളും. രാവിലെ 8.30 മുതൽ 9.30 വരെയും വൈകുന്നേരം 3.30 മുതൽ 4.30 വരെയും ടിപ്പർ മെക്കാനിസം ഘടിപ്പിച്ച വാഹനങ്ങൾ ജില്ലയിൽ ഓടിക്കരുതെന്നു 2018ൽ കളക്ടറുടെ ഉത്തരവുള്ളതാണ്.
സ്കൂൾ, ഓഫീസ് തിരക്കും സുരക്ഷയും മുൻനിറുത്തിയാണ് ടിപ്പറുകൾക്ക് സമയനിയന്ത്രണം വരുത്തിയത്. കോവിഡിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നില്ലെന്ന സാങ്കേതിക ന്യായത്തിലാണു മരണപ്പാച്ചിൽ നടത്തുന്നത്. കഴിഞ്ഞദിവസം നാഗന്പടത്ത് സ്കൂട്ടർ യാത്രക്കാരി മരിക്കാൻ ഇടയായ സംഭവത്തിൽ ടോറസ് ലോറി എത്തിയതു സമയക്രമം ലംഘിച്ചാണ്.
ഈ മാസം നിർമാണ പ്രവർത്തനങ്ങൾ കൂടിയതാണ് ടിപ്പറുകളുടെ മരണപ്പാച്ചിലിനു കാരണമാകുന്നത്. മണ്ണ്, പാറ തുടങ്ങിയ ഭാരം കൂടിയ ലോഡുമായി പോകുന്പോൾ വേണ്ട സുരക്ഷാ ക്രമീകരണങ്ങളും പാലിക്കുന്നില്ല. കോവിഡ് സുരക്ഷയെക്കരുതി ഇരുചക്രവാഹനങ്ങളിലും ചെറിയ കാറുകളിലും യാത്ര ചെയ്യുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ചെറിയ വാഹനങ്ങളുടെ സുരക്ഷ നോക്കാതെ ട്രാഫിക് നിയമം തെറ്റിച്ചുള്ള വലിയ വാഹനങ്ങളുടെ പാച്ചിലിൽ നിസഹായരായ ഏറെപ്പേരാണ് ദാരുണമായി മരിക്കുന്നത്.
ഹെൽമെറ്റ്, പുക, ഇൻഷ്വറൻസ് തുടങ്ങിയതിൽ പോലീസ് നഗരത്തിലും ചെറിയ ജംഗ്ഷനുകളിലും പരിശോധന കർശനമാക്കുന്പോൾ തന്നെയാണ് പോലീസുകാരുടെ കണ്മുന്നിലൂടെയുള്ള ടിപ്പറുകളുടെ പാച്ചിൽ. സാധാരണക്കാർക്കു നിയമ ലംഘനത്തിന്റെ പേരിൽ പിഴ ചുമത്തുന്പോൾ വൻകിട മാഫിയകളുടെ ടോറസ്, ടിപ്പർ വാഹനങ്ങളുടെ നിയമ ലംഘനം കണ്ടില്ലെന്നു നടിക്കുകയാണ് ഉത്തരവാദിത്വപ്പെട്ടവർ. ടിപ്പറുകളുടെ അമിത സാന്നിധ്യം നിരത്തുകളിൽ വാഹന കുരുക്കിനും ഇടയാക്കുന്നു.
ഓരോ ട്രിപ്പിന് അനുസരിച്ചാണു ലോറി ഡ്രൈവർമാർക്കു വേതനം ലഭിക്കുന്നത്. മത്സര ഓട്ടം നടക്കുന്നതും അപകടസാധ്യത വർധിപ്പിക്കുന്നു. കൂടാതെ മദ്യപിച്ച് ഓടിക്കുന്നതും പരിശീലനമില്ലാതെ സഹായികൾ ഓടിക്കുന്നതും പതിവാണ്. ടിപ്പറുകളുടെയും ടോറസുകളുടെയും നിർമാണ ഘടന ഇരുചക്രവാഹനനങ്ങൾക്ക് ഭീഷണിയാണ്.
എട്ട് അടി മുതൽ 12 അടി വരെ ഉയരമുള്ള ഉരുക്കു പെട്ടി യാത്രക്കാരെ തട്ടിയാൽ തലയിലായിരിക്കും ഗുരുതരമായ പരിക്കേൽക്കുക. ടയറിനെക്കാൾ നാലടി ഉയരത്തിലാണ് ടോറസുകളുടെ ബോഡി. ഇരുചക്രവാഹനങ്ങളിൽ തട്ടി യാത്രക്കാർ അടിയിലേക്ക് വീണാൽ ഡ്രൈവർ അറിയില്ല.