ഏറ്റുമാനൂർ: മരണ വേഗത്തിൽ പോകുന്ന ലോറികൾ വീണ്ടും ആളെകൊല്ലികൾ ആകുന്നു. ലോറികൾ തട്ടി റോഡിൽ പൊട്ടിവീഴുന്ന കേബിളുകൾ അപകട കുരുക്കുകളാകുന്നു.ഇന്നലെ മെഡിക്കൽ കോളജ് – കരിപ്പൂത്തട്ട് റോഡിലെ കൊല്ലന്തറയിൽ ചാത്തമാലിൽ സി.ജെ. മാത്യു(68) അപകടത്തിൽ പെട്ടത് കേബിളിൽ കുരുങ്ങിയാണ്.
മെഡിക്കൽ കോളജ് ഭാഗത്തുനിന്നും കരിപ്പൂത്തട്ട് ഭാഗത്തേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന മാത്യുവിന്റെ കഴുത്തിൽ പൊട്ടിക്കിടന്ന കേബിൾ കുരുങ്ങുകയായിരുന്നു. നെഞ്ചടിച്ച് നിലത്തു വീണ മാത്യുവിന് വലിയ അപകടം സംഭവിക്കാതിരുന്നത് ഹെൽമറ്റ് ധരിച്ചിരുന്നതുകൊണ്ടും സ്പീഡ് കുറവായിരുന്നതിനാലുമാണ്.
കുമരകത്ത് കഴിഞ്ഞ മാസമാണ് യുവാവ് ചന്തക്കവല ഭാഗത്ത് കേബിളിൽ കുരുങ്ങി ബൈക്കിൽ നിന്നും വീണത്. പടിഞ്ഞാറൻ പ്രദേശങ്ങളിൽ പാടശേഖരങ്ങൾക്കു നടുവിലൂടെയുള്ള റോഡുകളുടെ വശങ്ങളിലും റോഡുകൾക്ക് കുറുകെയുമുള്ള സർവീസ് വയറുകളും കേബിളുകളും ടോറസ് ലോറികൾ തട്ടി പൊട്ടുന്നത് പതിവു സംഭവമാണ്.
ഇങ്ങനെ പൊട്ടിക്കിടക്കുന്ന കേബിളുകൾ വഴിയാത്രക്കാരുടെ ശ്രദ്ധയിൽ പെടില്ല. കൂടുതലും ഇരുചക്രവാഹന യാത്രക്കാരാണ് അപകടത്തിൽ പെടുന്നത്. ഹെൽമറ്റ് ധരിക്കുന്നതുകൊണ്ടും കറുത്ത നിറമായതുകൊണ്ടും കേബിൾ യാത്രക്കാരുടെ ശ്രദ്ധയിൽ പെടില്ല.
വൈകുന്നേരങ്ങളിൽ അസ്തമയ സൂര്യന്റെ വെളിച്ചം കണ്ണിലടിക്കുന്നതും കാഴ്ച മറയ്ക്കും.റോഡ് നിർമാണത്തിനുള്ള മണ്ണുമായി പോകുന്ന ടോറസുകൾ അമിത വേഗത്തിൽ പായുന്നതാണ് കേബിളുകൾ നിരന്തരം പൊട്ടുന്നതിനു കാരണമാകുന്നത്.
ടോറസിനേക്കാൾ ഉയരത്തിൽ കേബിളുകൾ വലിക്കുകയും ടോറസിന്റെ അമിത വേഗം നിയന്ത്രിക്കുകയും ചെയ്തില്ലെങ്കിൽ അപകടങ്ങൾ ആവർത്തിക്കും.