കൊച്ചി: മണൽ കയറ്റിയ ടിപ്പർ ലോറി കാറിലിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ മരിച്ച യുവാവിനെതിരെ പോലീസ് കേസ് എടുത്തതിൽ ഹൈക്കോടതിക്ക് അതൃപ്തി. ടിപ്പർ ലോറി ഡ്രൈവറെ രക്ഷിക്കാനാണ് ഇത്തരത്തിൽ കേസെടുത്തതെന്ന് ആരോപിച്ച് യുവാവിന്റെ പിതാവ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഹർജി ഹൈക്കോടതി മാർച്ച് 15ന് പരിഗണിക്കാൻ മാറ്റി.
തന്റെ മകൻ തോമസ് എം. കാപ്പൻ മരിച്ച സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തത് തെറ്റായിട്ടാണെന്നാരോപിച്ച് കാഞ്ഞങ്ങാട് സ്വദേശി മാനുവൽ തോമസ് കാപ്പൻ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. 2017 ഡിസംബർ 31 ന് പുലർച്ചെ മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തിന് സമീപമുണ്ടായ അപകടത്തിലാണ് തോമസ് എം. കാപ്പൻ മരിച്ചത്.
ഹർജിക്കാരന്റെ സഹോദരിയെ നെടുന്പാശേരി വിമാനത്താവളത്തിൽ കൊണ്ടുവിട്ട് മടങ്ങുന്പോഴാണ് തോമസും കൂട്ടരും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. എതിരെ പാഞ്ഞു വന്ന ടിപ്പർ ലോറി കാറിലിടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ തോമസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2018 ജനുവരി ഒന്നിന് മരിച്ചു.
പക്ഷേ, പോലീസ് എഫ്ഐആർ തയാറാക്കിയപ്പോൾ കാർ നിയന്ത്രണം വിട്ട് ലോറിയിലിടിച്ചാണ് അപകടമുണ്ടായതെന്ന് രേഖപ്പെടുത്തിയെന്നും പ്രതിസ്ഥാനത്ത് മകന്റെ പേര് ചേർത്തെന്നും ഹർജിയിൽ പറയുന്നു. ടിപ്പർ ലോറി ഉടമയുടെ സ്വാധീനം കാരണമാണ് ഇതു ചെയ്തതെന്നും പോലീസ് സ്ഥല പരിശോധനയ്ക്ക് എത്തും മുന്പ് ലോറിയിലുണ്ടായിരുന്ന മണൽ നീക്കിയെന്നും ഹർജിയിൽ ആരോപിക്കുന്നു.
കേസ് രജിസ്റ്റർ ചെയ്ത ചങ്ങരംകുളം എസ്ഐ കെ.പി. മനേഷ് കോടതിയിൽ ഹാജരായിരുന്നു. അദ്ദേഹത്തോടു വിശദീകരണം തേടിയ ഹൈക്കോടതി മാർച്ച് 15ന് വീണ്ടും ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.