പത്തനംതിട്ട: അനധികൃതമായി പച്ചമണ്ണ് കടത്തിയ ടിപ്പര്‍ ലോറി കൈകാണിച്ചു നിര്‍ത്താന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ ലോറി ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍. ചൊവ്വാഴ്ച വൈകുന്നേരം 6.30 ന് തിരുവല്ല കിഴക്കന്‍ ഓതറയിലാണ് സംഭവം.
സ്ഥിരമായി പച്ചമണ്ണ് കടത്തുന്നെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷിക്കാനെത്തിയ തിരുവല്ല പോലീസ് സ്റ്റേഷനിലെ സിപിഒ നവീനാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. പുന്നവേലി ഭാഗത്ത് നിന്നും ഓതറയിലേക്ക് അനധികൃത പച്ചമണ്ണ് കയറ്റിവന്ന കെഎല്‍ 14 എച്ച്-9994 നമ്പര്‍ ടിപ്പര്‍ ലോറി പോലീസ് പിടിച്ചെടുത്തു.
ഡ്രൈവര്‍ ഓതറ തൈമറ്റുകര ചേലാമോടിയില് കീക്കാട്ടില്‍ വീട്ടില്‍ സിബിന് കെ. മാത്യു, സഹായി ഇരവിപേരൂര്‍ കോഴിമലയില് അരുണ്‍കുമാര്‍ എന്നിവരെ അറസ്റ്റുചെയ്തു.
തിരുവല്ല പോലീസ് സ്റ്റേഷനിലെ സിപിഒ രഞ്ജിത്തിനൊപ്പം പോലീസ് ബൈക്കില്‍ കിഴക്കന്‍ ഓതറ ഭാഗത്തെത്തിയ സമയം പച്ചമണ്ണ് കയറ്റിവന്ന ടിപ്പര്‍ ലോറി കാണുകയും കൈകാണിച്ചു നിര്‍ത്തിക്കാന്‍ ശ്രമിച്ചെങ്കിലും പോലീസ് ഉദ്യോഗസ്ഥരെ തട്ടിത്തെറിപ്പിക്കാന്‍ ശ്രമിച്ച് പാഞ്ഞുപോകുകയായിരുന്നു.
പിന്നീട് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചതനുസരിച്ച് തിരുവല്ല എസ്ഐ സലീമും സംഘവും കല്ലിശേരി ഭാഗത്ത് വച്ച് ലോറി തടഞ്ഞ് പ്രതികളെ പിടികൂടുകയും ലോറി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഒന്നാം പ്രതി സിബിന് പച്ചമണ്ണ് അനധികൃതമായി കടത്തിവരുന്ന സംഘത്തിലെ കണ്ണിയും രണ്ടാം പ്രതി അരുണ്‍കുമാര്‍ നിരവധി അബ്കാരി കേസുകളിലെ പ്രതിയുമാണ്.
പോലീസ് ഉദ്യോഗസ്ഥനെ ലോറി ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച സംഭവം വളരെ ഗൗരവതരമായി കണ്ട് ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും പച്ചമണ്ണ്, മണല്‍ എന്നിവയുടെ അനധികൃത കടത്തുമായി ബന്ധപെട്ട് റെയ്ഡ്, അറസ്റ്റ് തുടങ്ങിയ നടപടികള്‍ ജില്ലയില്‍ വ്യാപകമാക്കുമെന്നും ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു.
ഈ മാസം ഇതുവരെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി അനധികൃത പച്ചമണ്ണ്, മണല്‍ കടത്തുമായി ബന്ധപ്പെട്ട് 54 കേസുകളിലായി ജെസിബി, ടിപ്പര്‍ എന്നിവയുള്‍പ്പെടെ 57 വാഹനങ്ങള്‍ പിടികൂടുകയും 57 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഇത്തരം മാഫിയകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.