തൃശൂർ: ടിപ്പറിന് സൈഡ് കൊടുത്തില്ലെന്നു പറഞ്ഞ് ബസ് നടുറോഡിൽ തടഞ്ഞിട്ട് ഡ്രൈവർക്കെതിരെ അക്രമവും തെറിവിളിയും. ഇന്നലെ വൈകീട്ട് അഞ്ചിനാണ് കാളത്തോടിന് സമീപം ടിപ്പർ ലോറി ബസിന്റെ മുന്പിൽ നിർത്തിയിട്ട് ഡ്രൈവറെ ആക്രമിക്കാൻ ശ്രമിച്ചത്. ടിപ്പർ ലോറിയിലെ ഡ്രൈവറും സഹായികളും ചേർന്ന് ബസിന്റെ ഡ്രൈവറുടെ വാതിൽ അടിച്ചു തുറക്കുകയും തെറിവിളിയും നടത്തുകയുമായിരുന്നു.
പീച്ചിയിൽ നിന്ന് തൃശൂരിലേക്ക് പോയിരുന്ന ബസിലെ ഡ്രൈവർക്കെതിരെയായിരുന്നു ആക്രോശം, ഇതോടെ അരമണിക്കൂറിലധികം വാഹനങ്ങൾക്ക് പോകാൻ പറ്റാതെ കുരുക്കിലായി. ടിപ്പർ ലോറി ജീവനക്കാരുടെ തെറിവിളി കേൾക്കാനാകാതെ യാത്രക്കാർ ചെവി പൊത്തി. സ്ത്രീ യാത്രക്കാരുൾപ്പെടെ ബസിൽ നിറയെ ആളുകളുണ്ടായിരുന്നു.
പിന്നീട് അവിടെ നിന്നിരുന്ന ആളുകളെത്തി ടിപ്പർ ലോറിക്കാരെ പിന്തിരിപ്പിച്ച ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. ബസ് ജീവനക്കാരുടെ മത്സരയോട്ടവും ടിപ്പർ ലോറിക്കാരുടെ ധാർഷ്ട്യവും മൂലം സാധാരണ വാഹനങ്ങൾക്ക് റോഡിലൂടെ പോകാൻ പറ്റാത്ത സാഹചര്യമാണെന്ന് യാത്രക്കാർ പരാതിപ്പെട്ടു.