സ്വന്തം ലേഖകൻ
മുക്കം: ക്വാറി, ക്രഷർ, എം.സാന്റ് യൂണിറ്റുകളിൽ നിന്ന് ചീറി പായുന്ന നൂറ് കണക്കിന് ടിപ്പർ ലോറികളുടെ അമിത വേഗത്തിനും നിയമലംഘനത്തിനുമെതിരെ നടപടി വേണമെന്ന സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് തള്ളിയ പോലീസ് നടപടി വിവാദത്തിൽ. പുതിയ അധ്യയന വർഷത്തിന് മുൻപായി മധ്യവേനലവധി അവസാനിക്കാറായ സമയത്താണ് സ്പെഷൽ ബ്രാഞ്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് സമർപ്പിച്ചത്.
ടിപ്പറുകളുടെ അമിതവേഗത നിയന്ത്രിക്കാൻ നടപടിവേണമെന്നായിരുന്നു റിപ്പോർട്ടിലെ പ്രധാനപരാമർശം. മാത്രമല്ല ടിപ്പറുകളുടെ കാലപ്പഴക്കം, ഫിറ്റ്നസ് എന്നിവ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും നിർദേശമുണ്ടായിരുന്നു.ഈ റിപ്പോർട്ട് പരിഗണിച്ച് നടപടി സ്വീകരിച്ചിരുന്നങ്കിൽ സമീപകാലത്തുണ്ടായ ജീവനെടുത്ത അപകടങ്ങൾ ഒഴിവാക്കാമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ തന്നെ പറയുന്നു. ടിപ്പർ, ക്വാറി ഉടമകളും പോലീസും തമ്മിലുള്ള അവിഹിത ബന്ധമാണ് റിപ്പോർട്ട് നടപ്പാക്കാത്തതിന് പിന്നിലെന്നാണ് നാട്ടുകാർ പറയുന്നത്.
ദിവസങ്ങൾക്ക് മുൻപ് നടന്ന അപകടത്തിന് കാരണക്കാരനായ ടിപ്പർ ഡ്രൈവറെ പോലീസ് ഇടപെട്ട് സംഭവസ്ഥലത്ത് നിന്ന് മാറ്റിയതും പ്രതിഷേധത്തിനിടയാക്കിയിരുന്നു. രണ്ടും കൂടി കൂട്ടി വായിക്കുന്പോൾ അവിഹിത ബന്ധം വെളിവാകുമെന്നും നാട്ടുകാർ പറയുന്നു. മുക്കം മേഖലയിൽ നേരത്തെ നടന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നത്. അതേ സമയം അധ്യാപികയുടേയും മകളുടേയും മരണത്തിന്റെ പശ്ചാത്തലത്തിൽ പല സ്ഥലങ്ങളിലും നാട്ടുകാർ ടിപ്പറുകൾ തടയാൻ തുടങ്ങിയതോടെ അർധരാത്രി കഴിഞ്ഞാണ് ടിപ്പറുകൾ ഓടുന്നത്.
ഇതും വലിയ അപകട ഭീഷണിയാണുയർത്തുന്നത്. പുലർച്ചെ പ്രാർഥനയ്ക്കായി പള്ളിയിൽ പോകുന്നവരും അതിരാവിലെ മദ്രസയിൽ പോകുന്ന വിദ്യാർഥികളും വലിയ ഭീതിയിലാണ്. 2011 ജനുവരി 18 ന് മുത്തേരിയിൽ സഹോദരങ്ങളായ സ്നേഹ സാന്ദ്രയുടേയും പ്രണയ സാന്ദ്രയുടേയും ജീവനെടുത്ത് തുടങ്ങിയ ടിപ്പറുകളുടെ മരണപാച്ചിൽ മൂലം നിരവധി പേരാണ് മരണത്തിന് കീഴടങ്ങിയത്. ഗുരുതരമായി പരിക്കേറ്റവർ വേറെയും. ദുരന്തങ്ങൾ ആവർത്തിക്കുന്പോഴും അധികൃതർക്കിപ്പോഴും നിസംഗത തന്നെയാണ്.