എടത്വ: അധികൃതർ കണ്ണടയ്ക്കുന്നു. അമിത ലോഡുമായി അശ്രദ്ധമായി ടിപ്പർ ലോറികളുടെ മരണപ്പാച്ചിൽ. സ്കൂൾ സമയങ്ങളിൽ പോലും നിയന്ത്രണം ഇല്ലാതെ ഓടുന്നത് കാൽനടയാത്രക്കാർക്കും ചെറുവാഹനയാത്രക്കാർക്കും ഭീഷണിയായിരിക്കുകയാണ്. നിയമങ്ങൾ കാറ്റിൽ പറത്തിയാണ് ലോറികൾ ചീറിപ്പായുന്നത്.
രാവിലെയും വൈകുന്നേരവും നൂറുകണക്കിനു വിദ്യാർഥികൾ യാത്ര ചെയ്യുന്ന സമയങ്ങളിൽ ലോറികൾ തലങ്ങും വിലങ്ങും ഓടാൻ പാടില്ലെന്നുള്ള നിർദേശമുള്ളപ്പോൾ ആണ് നിരവധി വാഹനങ്ങൾ ഭീഷണിയായി ഓടുന്നത്. 12 വീൽ ഉൾപ്പെടെ റോഡിന് അനുയോജ്യമല്ലാത്തതും അമിതലോഡും കയറ്റിയുള്ള ലോറികളാണ് ചെമ്മണ്ണുമായി പായുന്നതിലധികവും.
നിയന്ത്രണ സമയം തുടങ്ങുന്പോൾ ടിപ്പർ ലോറി എവിടെ എത്തിയോ അവിടെ നിർത്തിയിടണമെന്നാണ് നിബന്ധന. എന്നാൽ ഒരു ഡ്രൈവർമാരും ഈ നിബന്ധന വകവയ്ക്കാറില്ല. ടിപ്പർ ലോറിയുടെ മരണപ്പാച്ചിൽ കണ്ടാൽ പോലീസ്, ട്രാഫിക് ഉദ്യോഗസ്ഥരും കണ്ണടയ്ക്കുകയാണ്. രാവിലെ 8.30 മുതൽ 10 വരെയും 3.30 മുതൽ അഞ്ചുവരെയും ഉള്ള സമയങ്ങളിൽ അന്പലപ്പുഴ-തിരുവല്ല റോഡിൽ യാത്ര പാടില്ലെന്നാണ് പോലീസ് കൊടുത്തിരുന്ന നിർദ്ദേശം.
വളരെ വീതികുറഞ്ഞ റോഡായിരുന്നതിനാൽ അപകടം എന്നും പതിവായിരുന്നു. ഇപ്പോൾ റോഡിന്റെ വീതി വർധിച്ചെങ്കിലും കൂടുതൽ വാഹനങ്ങൾ അമിത വേഗത്തിൽ പായുന്നത് അപകടത്തിനു കാരണമാവുകയാണ്. പച്ച മുതൽ നീരേറ്റുപുറം വരെയുള്ള ഭാഗങ്ങളിൽ 31 സ്കൂളുകളും കോളജും ആണ് പ്രവർത്തിക്കുന്നത്. ഇതു കാടാതെ ആലപ്പുഴ മുതൽ ചങ്ങനാശേരി വരെയുള്ള നിരവധി സ്കൂളുകളിലെ വാഹനങ്ങൾ ഈ സമയങ്ങളിൽ ഇതുവഴി കടന്നു പോകുന്നുണ്ട്.
ഇതു കണക്കിലെടുത്താണ് പോലീസ് ഇത്തരത്തിൽ ഉത്തരവ് ഇറക്കിയിരുന്നത്.മുൻ കാലങ്ങവിൽ ഇത് കൃത്യമായി പരിശോധിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്തിരുന്നു. മാത്രമല്ല ഇ സമയങ്ങളിൽ പ്രധാന ജംഗ്ഷനുകളിൽ വാഹനഗതാഗത നിയന്ത്രണത്തിന് ഹോംഗാർഡുകളെ നിർത്തുകയും ചെയ്തിരുന്നു. ഇപ്പോഴാകട്ടെ സൈക്കിളുകൾ വരുന്ന കുട്ടികൾക്ക് റോഡ് ക്രോസ് ചെയ്യാൻ പോലും കഴിയാത്ത അവസ്ഥയിലാണ്.
പാതയോരത്തിനോടു ചേർന്നുള്ള വീടുകൾക്ക് അമിതലോഡുമായി വാഹനങ്ങൾ കടന്നു പോകുന്ന സമയത്ത് ഭൂചലനത്തിന് സമാനമായ വിറയൽ അനുഭവപ്പെടുന്നുണ്ടെന്നാണ് ജനങ്ങൾ പറയുന്നത്. ഇതിനെതിരേ ജനങ്ങൾ നിരവധി തവണ പരാതി പറഞ്ഞിട്ടും അമിതലോഡ് നിയന്ത്രിക്കുന്നതിനോ മരണപ്പാച്ചിൽ അവസാനിപ്പിക്കുന്നതിനോ യാതൊരു നടപടികളുമില്ല.