കടുത്തുരുത്തി: നിയമം ലംഘിച്ചു അതിരാവിലെ ഓട്ടം നടത്തുന്ന ടിപ്പറുകൾ നാട്ടുകാർക്കും വ്യാപാര സ്ഥാപനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി. ടിപ്പറുകളിൽ മണ്ണ് കൂന കൂട്ടി കൊണ്ടു പോകുന്നത് മൂലം വളവ് തിരിക്കുന്പോൾ മണ്ണ് റോഡിലേക്കും കടകളിലേക്കും തെറിച്ച് വീഴുന്നതായാണ് പരാതി.
വാലാച്ചിറ റെയിൽവേ ഗേറ്റിന് സമീപത്തെ വളവിൽ ഇത്തരത്തിൽ ടിപ്പറുകളിൽ നിന്ന് മണ്ണ് വീഴുന്നത് ഏറേ ബുന്ധിമുട്ടുകളാണ് ഉണ്ടാക്കുന്നതെന്ന് നാട്ടുകാരും കച്ചവടക്കാരും പറയുന്നു.
ലോറിയിൽ നിന്നും റോഡിൽ വീഴുന്ന മണ്ണിൽ തെന്നി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നതായും നാട്ടുകാർ പറയുന്നു. ഇന്നലെ രാവിലെ നാട്ടുകാർ സംഘടിച്ചു ഇത്തരത്തിൽ റോഡിൽ മണ്ണ് വീഴ്ത്തി കടന്നു പോകുന്ന ടിപ്പറുകൾ തടഞ്ഞു ഡ്രൈവർമാരോട് വണ്ടിയിൽ നിന്ന് മണ്ണ് തെറിച്ചു വീഴുന്നത് ശ്രദ്ധിക്കണമെന്ന് നിർദേശിച്ചിരുന്നു.
റോഡിൽ വീണ മണ്ണ് നാട്ടുകാർ കഴുകി വൃത്തിയാക്കിയാണ് പൊടിശല്ല്യവും അപകട ഭീഷിണിയും ഒഴിവാക്കിയത്.
പിന്നീട് വില്ലേജ് ഓഫീസറും പോലീസുമെത്തി ഓവർലോഡ് കയറ്റില്ലെന്ന് ഇവരെക്കൊണ്ട് എഴുതി വാങ്ങുകയും ചെയ്തെങ്കിലും വൈകൂന്നേരത്തോടെ ഇതേ ലോറികൾ ഓവർ ലോഡുമായെത്തി റോഡിൽ മണ്ണ് വീഴ്ത്തിയതോടെ നാട്ടുകാർ വീണ്ടും സംഘടിച്ച് ലോറികൾ തടഞ്ഞിട്ടു.
പിന്നീട് പോലീസിനെ വിളിച്ച് വരുത്തി ടിപ്പറുകൾ പോലീസിന് കൈമാറി. സംഭവത്തിൽ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.