ചിറ്റൂർ: വാഹനങ്ങളിൽ അളവിലേറെ കരിങ്കൽ കയറ്റുന്നതു തടയണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തം. സുരക്ഷിതത്വമില്ലാതെ കരിങ്കല്ല് കടത്തുന്നതിനെതിരേ അധികൃതരും നടപടിയെടുക്കുന്നില്ലത്രേ. ഭാരംകൂടിയ വാഹനങ്ങൾ ഗർത്തങ്ങളിൽ ഇടിച്ചിറങ്ങുന്പോഴും പെട്ടെന്നു നിർത്തുന്പോഴും കരിങ്കല്ല് താഴെ വീഴുന്നത് പതിവാണ്.
ഇത് പിറകിൽ വരുന്ന വാഹന, കാൽനടയാത്രക്കാർക്കു അപകടമുണ്ടാക്കുന്നതു നിത്യകാഴ്ചയാണ്. വേലന്താവളം, ഒഴലപ്പതി, ചെറിയ കണക്കന്‍പാറ, പരിശിക്കൽ, മേട്ടുപ്പാളയം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വാഹനങ്ങൾ അപകടത്തിൽ പെടാറുണ്ട്.
അപകടത്തിലാകുന്നവർക്ക് സാന്പത്തിക സഹായംനല്കി സ്വകാര്യ ആശുപത്രികളിൽ എത്തിച്ച് ചികിത്സ നല്‍കിവരികയാണ്. സ്കൂൾ പ്രവൃത്തിദിവസങ്ങളിൽ രാവിലെയും വൈകുന്നേരങ്ങളിലും ഇത്തരം വാഹനങ്ങൾ ഓടിക്കരുതെന്ന് പോലീസ് നിർദേശം നല്‍കിയിട്ടുണ്ടെങ്കിലും ഡ്രൈവർമാർ നിർദേശം ലംഘിച്ചാണ് വാഹനങ്ങൾ ഓടിക്കുന്നത്.
സൂര്യപാറയിൽ കരിങ്കൽ ലോറിയിടിച്ച് കുടുംബശ്രീ യൂണിറ്റ് പ്രവർത്തക തത്ക്ഷണം മരണമടഞ്ഞിരുന്നു. നിയമലംഘനം നടത്തുന്ന ഭാരം കടത്തുന്ന വാഹനങ്ങൾ പട്രോളിനിംഗിനിടെ പോലീസ് കാണാറുണ്ടെങ്കിലും മൗനം പാലിക്കുന്നതും കുറ്റകൃത്യത്തിന് സഹായമാകുകയാണ്.