കിഴക്കമ്പലം: ഗ്രാമീണ നിരത്തുകളില്‍ അമിത വേഗതയില്‍ അലറിപ്പാഞ്ഞെത്തുന്ന ടോറസ് ടിപ്പറുകള്‍ ജനങ്ങളുടെ പേടിസ്വപ്നമാകുകയാണ്. യാതൊരു നിയന്ത്രണവുമില്ലാത്ത വിധം കുതിച്ചെത്തുന്ന ടോറസ് ടിപ്പറുകളില്നിന്നു രക്ഷപ്പെടാന്‍ കാല്‍നട യാത്രികര്‍ ഉള്‍പ്പെടെ നടത്തുന്ന വെല്ലുവിളി ചെറുതല്ല. സ്ത്രീകളും വയോധികരായവരും മറ്റും പലപ്പോഴും ഈ കുറ്റന്‍ വാഹനങ്ങളില്‍നിന്നു രക്ഷപ്പെടുന്നത് തലനാരിഴയ്ക്കാണ്.
വീതി കുറഞ്ഞ റോഡുകളാണെങ്കിലും ടിപ്പറുകള്‍ക്ക് വേഗതയ്ക്ക് കുറവൊന്നുമില്ല. മറ്റു വാഹനങ്ങളെ അപേക്ഷിച്ച് റോഡില്‍ ഏറ്റവും മേധാവിത്വമുള്ളത് ടിപ്പറുകള്ക്കാണ്. കിഴക്കമ്പലം മുതല്‍ തൃപ്പൂണിത്തറ വരെയുള്ള ഭാഗങ്ങളില്‍ ഒരു മാസത്തിനിടക്ക് ടോറസ് ടിപ്പര്‍ മൂലം നിരവധി വാഹനാപകടങ്ങളാണ് സംഭവിച്ചത്.
പെരിങ്ങാല അമ്പലപ്പടിയില്‍ ദമ്പതികള്‍ ടോറസ് ഇടിച്ചു മരിച്ചിരുന്നു. ഇവര്‍ സഞ്ചരിച്ച ഇരുചക്ര വാഹനത്തിന് പിന്നാലെയെത്തിയ ടിപ്പർ ദന്പതികളെ ഇടിച്ചിടുകയായിരുന്നു. ടോറസ് ടിപ്പറുകള്‍ ഹോണ്‍മുഴക്കി എത്തുന്നതോടെ മറ്റുള്ള വാഹനങ്ങള്‍ നിരത്ത് ഒഴിഞ്ഞുകൊടുക്കും. യാത്രക്കാര്‍ ഭയപ്പാടോടെ ഓടി മാറും. എന്നാല്‍ ടോറസുകളെ വേണ്ടവിധത്തില്‍ ഗൗനിക്കാത്ത ടൂ വീലര്‍ യാത്രികര്‍ ഇതിനടിയില്പ്പെടുമെന്ന് ഉറപ്പാണ്.
ശീതീകരിച്ച കീബിനുകളില് പാട്ടുകേട്ട് ടോറസ് ഓടിക്കുന്ന ഡ്രൈവര്‍മാരില്‍ പലരും റോഡില്‍ നടക്കുന്ന മറ്റൊരും സംഭവങ്ങളും അറിയാറില്ല. ഒരു മുന്നറിയിപ്പുകളും ഇല്ലാതെ ടോറസുകള്‍ പുറകിലേക്ക് എടുക്കുന്നതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. ആലപ്പുഴ തുടങ്ങിയ ഭാഗങ്ങളില്‍ നിന്നും ക്വാറി ഉത്പന്നങ്ങള്‍ക്കായി ജില്ലയില്‍ എത്തുന്നത് നൂറുകണക്കിന് ടോറസ് ടിപ്പറുകളാണ്. ഇതിനിടയില്‍ ഭൂമാഫിയകള്‍ക്കു വേണ്ടിയും നൂറുകണക്കിന് ടിപ്പറുകളാണ് ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് പായുന്നത്.
ഡ്രൈവര്‍മാര്‍ക്ക് ലോഡ് ഇനത്തിലാണ് കൂലി നല്‍കുന്നത്. അതിനാല്‍ കൂടുതല്‍ ലോഡ് എടുക്കുന്നതിനായാണ് ടോറസുകള്‍ അമിത വേഗതയില്‍ സഞ്ചരിക്കുന്നത്. വീതി കുറഞ്ഞ റോഡുകളിലൂടെയുള്ള അനിയന്ത്രിത വേഗതയാണ് പലപ്പോഴും അപകടങ്ങള്‍ വരുത്തിവയ്ക്കുന്നത്. സ്കൂള്‍ സമയത്തെ നിയന്ത്രണങ്ങളും ടിപ്പറുകള്‍ പാലിക്കാറില്ല.
രാവിലെയും വൈകുന്നേരവും ഒരു മണിക്കൂര്‍ വീതമുള്ള നിയന്ത്രണമാണ് ടിപ്പര്‍ലോറികള്‍ പാലിക്കാത്തത്. രാവിലെ ഒൻപതു മുതല്‍ 10 വരെയും വൈകിട്ട് നാലു മുതല്‍ അഞ്ചു വരെയുമാണ് നിയന്ത്രണമുള്ളത്. എന്നാല്‍ ഈ സമയങ്ങളില്‍ സഞ്ചരിക്കുന്ന സ്കൂള്‍ വാഹനങ്ങളെപ്പോലും കടന്നുപോകാന്‍ അനുവദിക്കാത്തതരത്തിലാണ് ടോറസ് ടിപ്പറുകളുടെ വിളയാട്ടം.
സ്കൂള്‍, കോളജ് പരിസരങ്ങളില്‍ രാവിലെയും വൈകുന്നേരവും പ്രത്യേക സമയങ്ങളില്‍ ടിപ്പര്‍ ഗതാഗത നിരോധനം നിലനില്ക്കുന്നുണ്ടങ്കിലും ഇത് നടപ്പില്‍ വരുത്തുന്നതിന് അധികൃതര്‍ വീഴ്ച വരുത്തുന്നതാണ് അപകടങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കുന്നത്.
ഈ സമയങ്ങളില്‍ ടിപ്പര്‍ ലോറികള്‍ നിരത്തിലിറക്കാന്‍ പാടില്ലെന്നറിഞ്ഞിട്ടും ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ തന്നെ നിയമം ലംഘിച്ചാണ് ടിപ്പറുകള്‍ ലോഡുമായി കുതിക്കുന്നത്. പോലീസ് പരിശോധന കാര്യക്ഷമമാക്കത്തതും ഇവര്‍ക്ക് സഹായകമാണ്.