അങ്കമാലി: പാറമടകളിൽനിന്നും ക്രഷറുകളിൽ നിന്നും അമിതഭാരവുമായി മരണപ്പാച്ചിൽ നടത്തുന്ന ടിപ്പർ ടോറസ് ലോറികൾ അങ്കമാലി മേഖലയിൽ അപകടങ്ങൾ കൂടാനും ഗതാഗതക്കുരുക്ക് രൂക്ഷമാകാനും കാരണമാകുന്നു.
പ്രതിദിനം എല്ലാ റോഡുകളിലെയും കുഴിയുടെ ആഴവും പൊടി ശല്യവും വർധിച്ചുവരികയാണ്. അങ്കമാലി നിയോജക മണ്ഡലത്തിലെ മലയോര പ്രദേശങ്ങളായ അയ്യന്പുഴ, ചുള്ളി, പൂതംകുറ്റി, ഏഴാറ്റുമുഖം, മലയാറ്റൂർ, പാണ്ടുപാറ, താബോർ, ചങ്കരൻകുഴി, മഞ്ഞപ്ര, ആനപ്പാറ, മലയാറ്റൂർ, തട്ടുപാറ, മുരിങ്ങേത്ത്പാറ, മുന്നൂർപിള്ളി, കറുകുറ്റി, പാലിശ്ശേരി, തുറവുർ, മഞ്ഞപ്ര കുഴിയാംപാടം തുടങ്ങിയ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന പാറമടകളിൽ നിന്നും ക്രഷറുകളിൽ നിന്നുമാണ് നൂറുകണക്കിന് ടോറസ് ലോറികൾ ഈ റോഡുകളിലൂടെ ചീറിപ്പായുന്നത്.
രാപകലില്ലാതെ ചീറിപ്പായുന്ന ഈ ലോറികൾ നിരന്തരം അപകടങ്ങൾ വരുത്തിവയ്ക്കുന്നു. രാത്രിയിൽ പോകുന്ന ഭൂരിഭാഗം ലോറികളിലെ ഡ്രൈവർമാരും മദ്യപിച്ചാണ് വാഹനം ഓടിക്കുന്നതെന്നും നാട്ടുകാർ പറഞ്ഞു. ക്രഷർ പൊടിയുമായി പോകുന്ന ലോറികളിൽ നിന്നു വീഴുന്ന പൊടികൾ അന്തരീക്ഷത്തിൽ വ്യാപിച്ച് മറ്റ് വാഹനങ്ങൾ ഓടിക്കുന്നവരുടെ കണ്ണിൽ പൊടി കയറി അപകടങ്ങൾ ഉണ്ടാക്കുന്നുണ്ട്.
ഈ മേഖലയിൽ പ്രവർത്തിക്കുന്നത് ഭൂരിഭാഗവും അനധികൃത പാറമടകളാണെന്ന ആരോപണമുണ്ട്. സർക്കാർ അനുമതിയോടെ പ്രവർത്തിക്കുന്ന പാറമടകളിൽ നിന്ന് അനുവദനീയമായ ലോഡുകൾക്ക് പകരം പത്തിരട്ടിധികം ലോഡുകളാണ് ഇവർ കടത്തുന്നത്. അധികാരികളുടേയും ഉദ്യോഗസ്ഥരുടേയും ഒത്താശയോടെയാണ് അനധികൃത ഖനനവും മറ്റും നടത്തുന്നതെന്ന് നാട്ടുകാർ പറയുന്നു.
തുറവുർ പഞ്ചായത്തിൽ സ്കൂളിനോടും ദേവാലയത്തോടും ചേർന്ന് ജനങ്ങൾ പാർക്കുന്ന പ്രദേശത്തെ ക്രഷറുകൾക്കെതിരേ ജനങ്ങൾ നിരവധ തവണ പരാതി നൽകിയെങ്കിലും പഞ്ചായത്ത് അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. ജനവാസ കേന്ദ്രങ്ങളിൽ യാതൊരു പരിസ്ഥിതി മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഈ ക്രഷറുകൾ പ്രവർത്തിക്കുന്നതെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. സമീപ പ്രദേശങ്ങളിലുള്ളവരെല്ലാം ആസ്മ, അലർജി രോഗങ്ങൾ പിടിപെട്ട് വലയുകയാണ്.
തുറവുർ സർക്കാർ ആശുപത്രിക്ക് സമീപവും തുറവുർ സെന്റ് അഗസ്റ്റിൻ പള്ളിക്ക് സമീപവും ക്രഷറുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ പരിസരത്ത് മൂന്നു സ്കൂളുകളും പ്രവർത്തിക്കുന്നുണ്ട്. നൂറുകണക്കിന് കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണിത്. ജനങ്ങൾ പരാതിയുമായി പഞ്ചായത്ത്, മലിനീകരണ ബോർഡ് ഉൾപ്പെടെയുള്ള ബന്ധപ്പെട്ട അധികാരികളെ സമീപിച്ചിട്ടും നടപടികളൊന്നും ഉണ്ടായിട്ടില്ല. പ്രത്യക്ഷ സമര മാർഗങ്ങളുമായി മുന്നോട്ടു പോകാനാണ് പ്രദേശവാസികളുടെ തീരുമാനം.