കോതമംഗലം: അപകടം പെരുകുന്പോഴും ലോറികളുടെ മരണപ്പാച്ചിലിനു അവസാനമില്ല. സ്കൂൾ സമയത്തുൾപ്പെടെ നിയമങ്ങൾ കാറ്റിൽ പറത്തി തലങ്ങും വിലങ്ങും ടോറസ്, ടിപ്പർ ലോറികൾ പായുന്നത് നാട്ടുകാർക്കിടയിൽ ഭീതിവളർത്തുന്നു. പ്രശ്നവുമായി ബന്ധപ്പെട്ടു പരാതി ശക്തമായിട്ടും അധികൃതർ അനങ്ങാപാറ നയം സ്വീകരിക്കുകയാണ്.
ലോറികൾ നിരത്തിൽ നടത്തുന്ന മത്സര ഓട്ടം സ്കൂൾ അധികൃതരുടെയും രക്ഷിതാക്കളുടെയും നെഞ്ചിടിപ്പു വർധിപ്പിക്കുകയാണ്. കോതമംഗലം താലൂക്കിലെ വിവിധ പാറമടകളിൽനിന്നു ലോഡുമായെത്തുന്ന ലോറികൾ പലപ്പോഴും അപകടം ക്ഷണിച്ചു വരുത്തുകയാണ്.
രാപകൽ വ്യത്യാസമില്ലാതെയാണ് കല്ലും മണ്ണും കയറ്റി ലോറികൾ പായുന്നത്. ഗ്രാമപ്രദേശങ്ങളിലെ വീടുകളിലേക്കുള്ള സർവീസ് വയറുകളും കേബിളും മറ്റും പൊട്ടിച്ചാണ് ഇത്തരം ലോറികളുടെ സഞ്ചാരം. അമിത വേഗതയിലെത്തുന്ന ലോറികകളുടെ മുന്നിൽനിന്നു ജീവൻ രക്ഷിക്കാൻ ചെറുവാഹന യാത്രക്കാരും കാൽനടയാത്രക്കാരും നടത്തുന്ന കഷ്ടപ്പാടും ചില്ലറയല്ല.
ഇന്നലെ ഉപ്പുകണ്ടത്ത് ടിപ്പർ ലോറിയിടിച്ച് സൈക്കിൾ യാത്രികനായ ജനതാദൾ നേതാവിന് പരിക്കേറ്റിരുന്നു.പാറടയിലേക്ക് പോകുകയായിരുന്ന ടിപ്പര്‍ ലോറിയാണ് സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന ജനതാദള്‍ നേതാവ് ഉപ്പുകണ്ടം പുത്തൻപുരയ്ക്കൽ സോമരാജൻ (65) നെ ഇടിച്ചത്.
സ്ഥിരം സൈക്കിള്‍ യാത്രക്കാരനായ സോമരാജന് വീട്ടില്‍ നിന്നും ഉപ്പുകണ്ടം കവലയിലേക്ക് പോകുമ്പോഴാണ് അപകടം നടന്നത്. വളവ് തിരിഞ്ഞ്കയറിയ ടിപ്പര്‍ സൈക്കിളില്‍ ഇടിക്കുകയായിരുന്നു.റോഡില്‍ വീണ സോമരാജന്റെ തലയ്ക്കാണ് പരിക്കേറ്റത്.
സൈക്കിളിന് മുകളിലൂടെ ലോറിയുടെ പിന്‍ചക്രം കയറിയിറങ്ങി.എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള സോമരാജന് അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ആശുപത്രി അധിക്യതർ വ്യക്തമാക്കിയത്.കഴിഞ്ഞ 23നു പിണ്ടിമനയിൽ ടിപ്പർ ലോറിയും സ്കൂൾ ബസും കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. ഇതേത്തുടർന്നു താലൂക്കിലെ വിവിധ ഇടങ്ങളിൽ നാട്ടുകാർ ലോറികൾ തടയുകയും സ്കൂൾ സമയം ഒഴിവാക്കണമെന്നു താക്കീത് നൽകുകയും ചെയ്തിരുന്നു.
താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ സ്കൂൾ സമയത്തു ലോറികളുടെ ഓട്ടം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാർ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ലോറി ജീവനക്കാർക്കു കൂടുതൽ ട്രിപ്പുകൾ എടുക്കുക വഴി അധികകൂലി നൽകുമെന്ന ഉടമകളുടെ കൂലി വ്യവസ്ഥയാണ് ലോറികളുടെ പാച്ചിലിനു പ്രധാന കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
നിയന്ത്രിത സമയവും വേഗപ്പൂട്ടും കർശന പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അല്ലാത്തപക്ഷം വിവിധ പ്രദേശങ്ങളിൽ വാഹനങ്ങൾ തടയുന്നതടക്കമുള്ള ശക്തമായ പ്രക്ഷോഭ പരിപാടികൾക്കു രൂപം നൽകാനൊരുങ്ങുകയാണ് നാട്ടുകാർ.