കോഴിക്കോട്: രാവിലെ ഒന്പത് മുതൽ 10 വരെയും വൈകുന്നേരം 4 മുതൽ അഞ്ച് വരെയും നിരത്തിലിറക്കാൻ പാടില്ലെന്ന നിയമം കാറ്റിൽ പറത്തി ടിപ്പർ ലോറികൾ റോഡിൽ ചീറിപ്പായുന്നു. നിരത്തിൽ പാലിക്കേണ്ട നിയമങ്ങൾ ഒന്നും തന്നെ പാലിക്കാതെയാണ് ടിപ്പർ ലോറികൾ റോഡിൽ അതിവേഗത്തിൽ കുതിക്കുന്നത്. രാവിലെ എട്ടോടെ തന്നെ തിരക്കിലമരുന്ന നിരത്തുകളിൽ മറ്റു വാഹനങ്ങളെ വകവയ്ക്കാതെ എയർ ഹോൺ മുഴക്കിയാണ് ടിപ്പർ ലോറികൾ തലങ്ങും വിലങ്ങും പായുന്നത്.
ചെറു വാഹനങ്ങളെ പ്രത്യേകിച്ച് ഇരുചക്ര വാഹനങ്ങളെ തീർത്തും വകവയ്ക്കാതെ പേടിപ്പെടുത്തി മുന്നേറുന്ന ടിപ്പറുകൾ നഗരത്തിൽ പോലും നിത്യ കാഴ്ച്ചയാണ്. രാവിലെ ഓഫീസിലേക്ക് ഇറങ്ങുന്നവർക്കും സ്കൂളിലേക്ക് പോകുന്ന വിദ്യാർഥികൾക്കും ടിപ്പർ വലിയ ഭീഷണിയാണ് ഉയർത്തുന്നത്. റോഡിനെ റേസിംഗ് ട്രാക്കെന്ന രീതിയിൽ കാണുന്ന ടിപ്പർ ഡ്രൈവർമാർ നിരത്തിലെ മറ്റു വാഹനങ്ങളെ തീരെ ഗൗനിക്കാറില്ല.
ജംഗ്ഷനിലും മറ്റും റോംഗ് സൈഡിൽ എത്തുന്ന ടിപ്പർ ലോറികൾ മറ്റു വാഹനങ്ങൾക്ക് നേരെ അടുപ്പിച്ച് മുന്നേറുന്നതും പിതവാണ്. ജില്ലയുടെ മലയോര മേഖലയിലെ ക്വാറികളിൽ നിന്ന് കല്ലും മറ്റുമായി നഗരത്തിൽ എത്തുന്ന ടിപ്പർ ലോറികൾ അടുത്ത ട്രിപ്പിനായാണ് മരണപ്പാച്ചിൽ നടത്തുന്നത്.
അതിരാവിലെ തന്നെ നിരത്തിലിറക്കുന്ന ഇവർ നഗരവീഥിയിൽ ഒരു നിയന്ത്രണവുമില്ലാതെയാണ് പായുന്നത്. നഗരത്തിലെ പുതിയ ബൈപാസുകൾ, വയനാട് റോഡ്, കണ്ണൂർ റോഡ് എന്നിവിടങ്ങളിൽ രാവിലെ ടിപ്പറുകൾ ഭീതി പടർത്തിയാണ് ഓടാറുള്ളത്.
രാവിലത്തെ തിരക്കേറിയ സമയത്ത് നഗരത്തിലെ എല്ലാ റോഡുകളിലും പോലീസും ട്രാഫിക് പോലീസും കാവൽ നിൽക്കാറുണ്ടെങ്കിലും ടിപ്പറുകളുടെ മരണപ്പാച്ചിലിന് ഇവർ അറുതി വരുത്താറില്ല. ഇന്ന് രാവിലെ ഒന്പതിന് എരഞ്ഞിപ്പാലം മുതൽ നടക്കാവ് വഴി നഗരത്തിലേക്ക് എം സാൻഡുമായി ടിപ്പർ പോയിട്ടും ഡസൺ കണക്കിന് പോലീസുകാർ നോക്കി നിന്നതല്ലാതെ തടഞ്ഞില്ല.
കെഎൽ 11 എഡബ്ല്യു 7789 എന്ന നന്പറിലുള്ള ടിപ്പർ അതിവേഗത്തിൽ പോലീസുകാരുടെ മുന്നിലൂടെയാണ് കുതിച്ചത്. എന്നാൽ നഗരത്തിലെത്തുന്നത് വരെ പോലീസുകാർ ആരും തന്നെ ഈ വാഹനത്തിന് കൈ കാണിച്ചില്ല. പോലീസും ആർടിഒ അധികൃതരും ടിപ്പറുകളുടെ മരണപ്പാച്ചിലിൽ കണ്ടില്ലെന്ന് നടിക്കുന്പോൾ നിരത്തിലിറങ്ങുന്ന മറ്റു വാഹനങ്ങൾ പലപ്പോഴും ഇവർക്ക് വഴി മാറി കൊടുക്കേണ്ട അവസ്ഥയാണ്.
ടിപ്പർ ലോറി അപകടത്തിൽപ്പെട്ട് മരിക്കുന്നവരുടെ എണ്ണം കൂടി വരുന്പോഴും അധികൃതർ നിയമം നടപ്പിലാക്കാൻ ശ്രമിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. നേരത്തെ രാവിലെ എട്ട് മുതൽ 10 വരെയും വൈകുന്നേരം മൂന്ന് മുതൽ അഞ്ച് വരെയും ടിപ്പർ ലോറികൾ നിരത്തിലിറക്കരുതെന്നായിരുന്നു നിയമം. എന്നാൽ പിന്നീട് 2014ൽ ഇതിന് ഇളവ് നൽകി സമയത്തിന് മാറ്റം വരുത്തുകയായിരുന്നു.