മൂവാറ്റുപുഴ: സ്കൂൾ സമയങ്ങളിൽ അപകടം വിതച്ച് നിരത്തുകളിലൂടെ ടിപ്പർ, ടോറസ് ലോറികൾ പായുന്നു. നഗരത്തിലെയും സമീപ പഞ്ചായത്തുകളിലെയും പ്രധാന വഴികളിലൂടെ അപകട ഭീഷണി ഉയർത്തി സ്കൂൾ സമയങ്ങളിൽ ടിപ്പർ ലോറികൾ ചീറിപ്പായുന്പോഴും അധികൃതർ നടപടി സ്വീകരിക്കുന്നില്ല.
സ്കൂൾ സമയങ്ങളിൽ ടിപ്പർ ലോറികളുടെ സഞ്ചാരത്തിനു നിയന്ത്രണമുണ്ടെങ്കിലും ഇതൊന്നും പലപ്പോഴും പാലിക്കപ്പെടാത്ത സാഹചര്യമാണ്. പ്രദേശത്തു പ്രവർത്തിക്കുന്ന പാറമടകളിൽനിന്നും മെറ്റൽ ക്രഷറുകളിൽ നിന്നുമുള്ള സാധന സാമഗ്രികളുമായാണ് ലോറികൾ പായുന്നത്. അവധി ദിവസങ്ങളുടെ മറവിൽ പാടം നികത്തലും അനധികൃത മണ്ണെടുപ്പും മേഖലയിൽ സജീവമാണ്.
ഇത്തരം ആവശ്യങ്ങൾക്കായി സഞ്ചരിക്കുന്ന ലോറികൾ അധികൃതരുടെ കണ്ണിൽപ്പെടാതിരിക്കാൻ ഗ്രാമീണ റോഡുകളെയാണ് കൂടുതലായും ആശ്രയിക്കുന്നത്. വീതികുറഞ്ഞ ഗ്രാമീണ റോഡുകളിലൂടെ ചീറിപായുന്ന ലോറികൾ പലപ്പോഴും അപകടം സൃഷ്ടിക്കുന്നുണ്ട്.
കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹനയാത്രക്കാർക്കുമാണ് കൂടുതൽ ഭീഷണിയാകുന്നത്. മണ്ണെടുക്കൽ, പാടം നികത്തൽ എന്നിവയ്ക്കെതിരേ അധികൃതർ സ്വീകരിക്കുന്ന മൃദു സമീപനമാണ് ഇത്തരം പ്രവർത്തികൾക്കു ചുക്കാൻ പിടിക്കുന്ന മാഫിയയ്ക്കു വളമാകുന്നതെന്നും ആക്ഷേപമുയരുന്നുണ്ട്.
വാഹന പരിശോധനയിൽനിന്നു രക്ഷപ്പെടാൻ ടിപ്പർ ലോറികളുടെ മുന്നിൽ ഇരുചക്ര വാഹനങ്ങളിൽ എസ്കോർട്ട് സഹിതമാണ് പ്രദേശത്ത് ലോറികളുടെ പരക്കം പാച്ചിൽ. സ്കൂളുകൾ തുറന്നതോടെ വിദ്യാർഥികളും അപകട ഭീഷണി നേരിടുകയാണ്. സ്കൂൾ സമയങ്ങളിൽ ടിപ്പർ ലോറികളുടെ സഞ്ചാരത്തിനെതിരേ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ പലവട്ടം പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകാത്തതിൽ പ്രതിഷേധമുയരുന്നുണ്ട്.
സ്കൂൾ സമയങ്ങളിൽ ടിപ്പർ ലോറികളുടെ സഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ലോറികളിൽ അനുവദിക്കപ്പെട്ടതിലും അധികം ഭാരം കയറ്റുന്നതും റോഡുകളിലെ ഗതാഗതത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മഴക്കാലമായതോടെ അമിത ലോഡു കയറ്റിവരുന്ന തടി ലോറികൾ അപകടത്തിൽപ്പെടുന്നതും പതിവായിരിക്കുകയാണ്.