കറുകച്ചാൽ: കറുകച്ചാലിലും സമീപ പ്രദേശങ്ങളിലും അമിതവേഗത്തിൽ പായുന്ന ടിപ്പറുകൾക്കെതിരെ പോലീസ് നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ ദിവസം കരിങ്കല്ലുമായി അമിതവേഗത്തിൽ സഞ്ചരിച്ച ലോറിയിൽ നിന്നു കല്ല് താഴേക്കു പതിച്ചിരുന്നു. കല്ല് ലോറിക്കു പിന്നാലെ ബൈക്കിൽ സഞ്ചരിച്ചിരുന്നയാളുടെ ദേഹത്ത് വീഴാതിരുന്നതു ഭാഗ്യം കൊണ്ടു മാത്രമാണ്.
കോട്ടയം – കോഴഞ്ചേരി റോഡിൽ തോട്ടയ്ക്കാട് നരിമറ്റം കവലയ്ക്കു സമീപത്തെ വളവിലാണ് ടിപ്പർ ലോറിയിൽ നിന്നു കരിങ്കല്ല് താഴെ വീണത്. കല്ല് വീണതറിയാതെ ഡ്രൈവർ ലോറി ഓടിച്ചു പോയി. അമിത ലോഡുമായി പായുന്ന ലോറികളിൽ നിന്നു കല്ലും മണ്ണും റോഡിൽ വീഴുന്നത് മേഖലയിൽ പതിവായിരിക്കുകയാണ്.
പോലീസിന്റെയും മോട്ടോർ വാഹനവകുപ്പ് അധികൃതരുടെയും പരിശോധനയുടെ കുറവാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കുന്നതിന് പ്രധാന കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. കയറ്റാവുന്നതിലും അധികം ലോഡുമായി അമിത വേഗത്തിൽ പായുന്ന ടിപ്പർ ലോറികൾക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
നാളുകൾക്കു മുന്പും കറുകച്ചാൽ, വാകത്താനം മേഖലകളിൽ ടിപ്പർ ലോറിയിൽ മണ്ണ് റോഡിലേക്കു വീണു അപകടങ്ങളുണ്ടായിരുന്നു.