കറുകച്ചാൽ: നെടുംകുന്നത്ത് സ്കൂൾ സമയത്ത് ഓടിയ ടിപ്പർ ലോറികൾ നാട്ടുകാർ തടഞ്ഞിട്ടശേഷം പോലീസിന് കൈമാറി. ഇന്നലെ രാവിലെ എട്ടരയോടെ നെടുംകുന്നം-ചേലക്കൊന്പ് റോഡിലായിരുന്നു സംഭവം. വിദ്യാർഥികൾ സഞ്ചരിക്കുന്ന റോഡിലൂടെ സ്കൂൾ സമയത്ത് ടിപ്പർ ലോറികളുടെ ഓട്ടം പതിവായിരുന്നു.
ഇതേപ്പറ്റി നേരത്തെ കറുകച്ചാൽ പോലീസിൽ വിവരമറിയിച്ചിരുന്നു. നടപടി സ്വീകരിക്കാതെ വന്നതോടെ ബ്ലോക്ക് പഞ്ചായത്തംഗം രാജേഷ് കൈടാച്ചിറ, പഞ്ചായത്തംഗങ്ങളായ രവി സോമൻ, രാജമ്മ രവീന്ദ്രൻ, കറുകച്ചാൽ ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് ജോ തോമസ് പായിക്കാട് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ സംഘടിച്ചു. ലോഡുമായി എത്തിയ രണ്ടു ടിപ്പർ ലോറികൾ ഇവർ തടഞ്ഞിട്ടു.
ലോഡിന് മുകളിൽ ടാർപ്പോളിൻ കൊണ്ട്് മൂടാതെ കൊണ്ടു പോകുന്നതിനാൽ പ്രദേശത്ത് പൊടിശല്യവും പതിവായിരുന്നു. തുടർന്ന് വിവരം കറുകച്ചാൽ സ്റ്റേഷനിൽ വിളിച്ചറിയിച്ചു. പോലീസ് എത്തിയ ശേഷം ലോറികൾ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിഴ ഒടുക്കിയ ശേഷമാണ് ലോറികൾ വിട്ടു നൽകിയത്.