കട്ടപ്പന: കട്ടക്കളത്തിൽനിന്നും ഇഷ്ടിക കയറ്റി മുന്നോട്ടെടുത്ത ടിപ്പറിന് അടിയിൽ പ്പെട്ട്് രണ്ട ു വയസുകാരന് ദാരുണാന്ത്യം.
ചേറ്റുകുഴി വെട്ടിക്കുഴക്കവല എലൈറ്റ് പടിയിലെ സ്വകാര്യ വ്യക്തിയുടെ കട്ടക്കളത്തിലായിരുന്നു അപകടം. ആസാം സ്വദേശികളായ ദുലാൽ ഹുസൈന്റെയും ഖദീജ ബീഗത്തിന്റെയും മകൻ മസൂദ് റബാരിയാണ് മരിച്ചത്.
കട്ടക്കളത്തിലെ തൊഴിലാളികളായ ഇവർ ഇവിടെ താമസിച്ച് ജോലിചെയ്യുകയായിരുന്നു.
ഇന്നലെ രാവിലെ കട്ടക്കളത്തിൽ ലോഡ് കയറ്റാനായെത്തിയ ടിപ്പർ ലോഡ് കയറ്റിയശേഷം മുന്നോട്ടെടുക്കവേ കുട്ടി വാഹനത്തിന്റെ അടിയിൽ പെടുകയായിരുന്നെന്നു പറയുന്നു. രാവിലെ 8.45-ഓടെയായിരുന്നു സംഭവം.
അപകടം നടന്നത് അറിഞ്ഞിട്ടും ലോറി നിർത്താതെ പോയ തോടെ കുട്ടിയുമായി അമ്മയും ബന്ധുവും റോഡിലെത്തി മറ്റൊരു ലോറിയിലാണ് സമീപത്തെ ആശുപത്രിയിലെത്തിച്ചത്.
ഇവിടെ മതിയായ ചികിത്സ ലഭിച്ചില്ലെന്നും ആരോപണമുണ്ട്. തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.
അപകടമുണ്ടാക്കിയ ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. ചേറ്റുകുഴി കാവിൽ മനോജ് (40) ആണ് അറസ്റ്റിലായത്.
ഇയാൾക്കെതിരേ മനഃപൂർവല്ലാത്ത നരഹത്യക്ക് കേസെടുത്തു. വാഹനവും കസ്റ്റഡിയിലെടുത്തതായി വണ്ടൻമേട് സിഐ അറിയിച്ചു.