പതിനെട്ടാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാരെ വിറപ്പിച്ച ഭരണാധികാരിയായ ടിപ്പു സുൽത്താന്റെ ആയുധശേഖരത്തിലെ റോക്കറ്റുകൾ കണ്ടെടുത്തു. കർണാടകയിലെ ഷിമോഗയിൽ നിന്നും ഏകദേശം 1,000റോക്കറ്റുകളാണ് ഉപയോഗശൂന്യമായ കിണറിനുള്ളിൽ നിന്നും പുരാവസ്തു ഗവേഷകർ കണ്ടെത്തിയത്.
പുരാവസ്തു കണക്കുകൾ പ്രകാരം ഷിമോഗ ടിപ്പു സുൽത്താന്റെ അധീനതയിൽപ്പെട്ട സ്ഥലമാണ്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുമായി 1799ൽ നടന്ന നാലാം ആംഗ്ലോ-മൈസൂർ യുദ്ധത്തിലാണ് ടിപ്പു സുൽത്താൻ കൊല്ലപ്പെട്ടത്. ഈ റോക്കറ്റുകൾ ഷിമോഗയിലെ മ്യൂസിയത്തിൽ പ്രദർശിപ്പിക്കും.